Sports

ധോണിയുടെ മകൾക്ക് ഭീഷണി; പ്ലസ്ടു വിദ്യാർഥി ഗുജറാത്തിൽ പിടിയിൽ

“Manju”

അഹമ്മദാബാദ്• ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിന്റെയും നായകൻ മഹേന്ദ്രസിങ് ധോണിയുടെയും പ്രകടനം മോശമായതിന്റെ പേരിൽ അദ്ദേഹത്തിന്റെ അഞ്ച് വയസ്സുകാരി മകൾക്കെതിരെ ഭീഷണി സന്ദേശം അയച്ച കൗമാരക്കാരൻ ഗുജറാത്തിൽ പിടിയിൽ. ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് മകൾ സിവയ്‌ക്കെതിരെ ഭീഷണി സന്ദേശം അയച്ച പതിനാറുകാരനെ ഗുജറാത്ത് പൊലീസ് ഞായറാഴ്ചയാണ് പിടികൂടിയത്. ഇയാളെ റാഞ്ചി പൊലീസിന് കൈമാറും.

ഐപിഎലിൽ ധോണിയുെടയും ടീമിന്റെയും പ്രകടനം മോശമായതിന് അഞ്ച് വയസ്സുകാരി മകൾ ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് അരങ്ങേറിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരം ചെന്നൈ തോറ്റതോടെയാണ് ആക്രമണം കനത്തത്. ടീമിന്റെ പ്രകടനം മോശമായതിന് ധോണിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയത് കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയത്.

ഗുജറാത്തിലെ മുന്ദ്രയിൽനിന്നാണ് പ്ലസ് ടു വിദ്യാർഥി കൂടിയായ കൗമാരക്കാരനെ പൊലീസ് പിടികൂടിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് െചയ്തു. ധോണിയുടെ കുടുംബാംഗങ്ങൾക്കെതിരെ ഭീഷണി ഉയർന്നതിനെ തുടർന്ന് റാഞ്ചി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. റാഞ്ചിയിലുള്ള ധോണിയുടെ ഫാം ഹൗസിന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. തുടർന്ന് സൈബർ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പതിനാറുകാരൻ ഗുജറാത്തിൽ പിടിയിലായത്.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി കച്ച് എസ്പി സൗരഭ് സിങ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സാക്ഷി ധോണിക്ക് ഭീഷണി സന്ദേശം അയച്ചതായി ഇയാൾ സമ്മതിച്ചത്.

‘ഏതാനും ദിവസങ്ങൾക്കു മുൻപ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് തീർത്തും മോശമായ ഭാഷയിൽ ഭീഷണി സന്ദേശം അയച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥിയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. റാഞ്ചി പൊലീസ് നൽകിയ വിവരമനുസരിച്ചാണ് ഇയാളെ പിടികൂടിയത്. കച്ച് ജില്ലയിലെ മുന്ദ്ര സ്വദേശിയാണ് പ്രതി. ഭീഷണി സന്ദേശം അയച്ചത് ഇതേ വ്യക്തി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ റാഞ്ചി പൊലീസിന് കൈമാറും’ – സൗരഭ് സിങ് വ്യക്തമാക്കി.

Related Articles

Back to top button