KeralaLatest

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാം; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

“Manju”

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് ഏപ്രില്‍ 15വരെ രജിസ്റ്റര്‍ ചെയ്യാം. സെറ്റ് ജൂലൈ 2024-ന്റെ പ്രോസ്പെക്ടസും, സിലബസും www.lbscentre.kerala.gov.in ല്‍ ലഭിക്കും.

ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പി.ഡബ്ല്യൂ.ഡി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.

അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവര്‍ ബി.എഡ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കണം. അവസാനവര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം. നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

ഈ പരീക്ഷയ്ക്ക് ഓണ്‍ലൈനായി മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 15വരെ രജിസ്റ്റര്‍ ചെയ്യാം. ജനറല്‍/ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസിനത്തില്‍ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ല്യൂ.ഡി. എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 500 രൂപയും ഓണ്‍ലൈനായി ഒടുക്കണം. പി.ഡബ്ല്യൂ.ഡി. വിഭാഗത്തില്‍പെടുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ഒ.ബി.സി. നോണ്‍ക്രീമീലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ (2023 മാര്‍ച്ച് 17 നും 2024 ഏപ്രില്‍ 15 നും ഇടയില്‍ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം. പി.ഡബ്ല്യൂ.ഡി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഒക്ടോബര്‍ 30 ന് മുമ്പ് തിരുവനന്തപുരം എല്‍ ബി എസ് സെന്ററില്‍ ലഭിക്കത്തക്കവിധം അയയ്ക്കണം.

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍ ബി എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള നിര്‍ദ്ദേശം പ്രോസ്പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏപ്രില്‍ 15 ന് വൈകിട്ട് 5 ന് മുമ്പ് പൂര്‍ത്തിയാക്കണം. കൂടുതല്‍വിവരങ്ങള്‍ക്ക്: www.lbscentre.kerala.gov.in ല്‍ ലഭിക്കും.

Related Articles

Back to top button