InternationalLatest

ജോലി തട്ടിപ്പ്; ഷാര്‍ജയില്‍ 36 മലയാളികള്‍ ദുരിതത്തില്‍

“Manju”

ഷാര്‍ജ: ജോലി തട്ടിപ്പിനിരയായ 36 മലയാളികള്‍ ഷാര്‍ജയില്‍ ദുരിതത്തില്‍. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍നിന്നെത്തിയവരാണ് കുടുങ്ങിയത്. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തങ്ങളെ ഇവിടെയെത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു. ഭക്ഷണം പോലുമില്ലാതെ ഷാര്‍ജ റോളയില്‍ താമസിക്കുന്ന ഇവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരാണ് ഏക ആശ്വാസം. സനീറിന്‍റെ തട്ടിപ്പിനിരയായി അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍നിന്ന് കൂടുതല്‍ പേര്‍ ഇവിടേക്ക് വരുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
പലതവണയായാണ് ഇവരെ സനീര്‍ യു.എ.ഇയില്‍ എത്തിച്ചത്. ഒരുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു യാത്ര. പലരുടെയും വിസ കാലാവധി കഴിയാറായി. 65,000 മുതല്‍ 1.25 ലക്ഷം രൂപ വരെ നല്‍കിയവരുണ്ട്. പാക്കിങ്, അക്കൗണ്ടന്‍റ് തുടങ്ങിയ തസ്തികയിലായിരുന്നു ജോലി വാഗ്ദാനം. പണം സനീറിന്‍റെ കേരളത്തിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. ചിലര്‍ക്ക് വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കി. മറ്റു ചിലരോട് ജോലി ശരിയാകുമ്ബോള്‍ ഓഫര്‍ ലെറ്റര്‍ തരാമെന്ന് പറഞ്ഞു. മുംബൈയില്‍ ദിവസങ്ങളോളം താമസിച്ച ശേഷം യു.എ.ഇയില്‍ എത്തിയവരുമുണ്ട്. യു.എ.ഇയില്‍ എത്തി മൂന്നു ദിവസം കഴിയുമ്ബോള്‍ എംപ്ലോയ്മെന്‍റ് വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം. ഇവിടെയെത്തിയപ്പോഴാണ് മനസ്സിലായത് യു.എ.ഇയില്‍ ഇങ്ങനെയൊരു സംവിധാനം പോലുമില്ലെന്ന്.
ദിവസവും വൈകീട്ട് ഇവരുടെ അടുക്കലെത്തുന്ന സനീര്‍ അടുത്ത ദിവസം തന്നെ ജോലി ശരിയാകുമെന്ന് പറയും. എന്നാല്‍, പിന്നീട് ഇതേ കുറിച്ച്‌ മിണ്ടാറില്ല. ചിലരെ കുറച്ചുനാള്‍ പാകിസ്താനികള്‍ക്കൊപ്പവും ബംഗാള്‍ സ്വദേശികള്‍ക്കൊപ്പവും താമസിപ്പിച്ചു. ഇവിടെ ഭക്ഷണം പോലും കിട്ടാതായപ്പോള്‍ ഇവരെ മറ്റൊരിടത്തേക്ക് മാറ്റി. കടംവാങ്ങിയും സ്വര്‍ണം വിറ്റുമാണ് പലരും ഗള്‍ഫ് ജീവിതം തേടിയെത്തിയത്. അതിനാല്‍, നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. ചിലര്‍ സ്വന്തമായി ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്. സാമൂഹിക പ്രവര്‍ത്തകന്‍ ഖുറൈഷി ആലപ്പുഴയുടെ ഇടപെടലിനെ തുടര്‍ന്ന് യുനൈറ്റഡ് പി.ആര്‍.ഒ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞദിവസം ഇവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നു. അടുത്ത ദിവസങ്ങളിലായി സനീറിന്‍റെ ചതിയില്‍പെട്ട് നാട്ടില്‍നിന്ന് തിരിക്കാന്‍ തയാറെടുക്കുന്നവര്‍ സൂക്ഷിക്കണമെന്ന് ഇവര്‍ പറയുന്നു. കേരളത്തിലെ മിക്ക ജില്ലകളില്‍നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയായിരിക്കാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button