ArticleKeralaLatest

ദുഷ്ട കഥാ പാത്രങ്ങൾക്ക് മിഴിവേകിയ ശിഷ്ട കലാകാരൻ

“Manju”

റ്റി. ശശിമോഹൻ

കുട്ടനാടിന്റെ ഇരവുകളിൽ നാഴികകൾ ദൂരെ കേൾക്കുന്ന ഒരലർച്ച…… ഉയർന്നു കേൾക്കുന്ന ചെണ്ടയും മദ്ദളവും ദൂരെയെങ്ങോ കഥകളി അരങ്ങു തകർക്കുകയാണു. ദുഷ്യാസന്റേയോ തൃഗാർത്ഥന്റേയോ അലർച്ചയാണ് കേൾക്കുന്നത്. കഥാപാത്രങ്ങളെ അഭിനയതികവു കൊണ്ടും ആകാര ഗരിമകൊണ്ടും അനശ്വരമാക്കിയ ചമ്പക്കുളം പാച്ചുപിള്ളയാണ് അരങ്ങത്ത് …………

പ്രശസ്ത കഥകളി ആചാര്യൻ ചമ്പക്കുളം പാച്ചുപിള്ളയുടെ 16 മത് ചരമ വാർഷികം ആണ് ഇന്ന്. 2004 മെയ് 10 നു ആയിരുന്നു അദ്ദേഹം അരങ്ങൊഴിഞ്ഞത്. പ്രഗല്ഭമതികളായ ഒട്ടേറെ കലാകാരന്മാരെ കഥകളിക്കു നൽകിയ കുട്ടനാടിന്റെ നാട്യ സംസ്കൃതിയുടെ ഏറ്റവും മികച്ച പര്യായമാണ് ചമ്പക്കുളം പാച്ചുപിള്ള. അരങ്ങിനെ കിടിലം കൊള്ളിക്കുന്ന കഥകളിയിലെ താമസ മൂർത്തികൾക്ക് അഭൂതപൂർവ്വമായ വ്യക്തിത്വം കൊടുത്ത ചമ്പക്കുളം പാച്ചുപിള്ള കളി ഭ്രാന്തന്മാരുടെ എക്കാലത്തെയും ആവേശമാണ്.

1907 സെപ്തംബർ 21 ന് ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്ത് കൈപ്പള്ളി വീട്ടിൽ മാധവിയമ്മയുടെയും ശങ്കരപ്പിള്ളയുടെയും പുത്രനായി ജനിച്ച പാച്ചുപിള്ള പതിനാലാം വയസ്സിലാണ് കഥകളി പഠനം തുടങ്ങിയത് അമ്മാവന്റെ മകൻ ചമ്പക്കുളം പരമു പിള്ളയായിരുന്നു ഗുരുനാഥൻ ചമ്പക്കുളത്ത് പടിപ്പുരയ്ക്കൽ ദേവി ക്ഷേത്രത്തിലും മാത്തൂർ ദേവി ക്ഷേത്രത്തിലും ഗുരുനാഥന്റെ ഗൃഹത്തിലും വെച്ചാണ് ആറു വർഷത്തെ അഭ്യാസമുണ്ടായത്.

1940 മുതൽ മികച്ച താടിവേഷക്കാരനായി അറിയപ്പെട്ടു തുടങ്ങി വെച്ചൂർ രാമൻ പിള്ളക്കു ശേഷം തിരുവിതാംകൂർ കൊട്ടാരം കഥകളിയോഗത്തിലെ ഒന്നാം കിട വേഷക്കാരനായി പാച്ചുപിള്ളയുടെ ദക്ഷയാഗത്തിൽ വീരഭദ്രന്റെ വേഷം കണ്ട് മഹാകവി വള്ളത്തോൾ അദ്ദേഹത്തെ അനുഗ്രഹിക്കുകയുണ്ടായി ദീർഘ കായനായതു കൊണ്ട് അരങ്ങിൽ നിറഞ്ഞു കാണുന്നതാണ് പാച്ചുപിള്ളയുടെ താടിവേഷങ്ങളേതും ദുശ്ശാസനൻ ത്രിഗർത്തൻ ബകൻ കലി നരസിംഹം വലിയ നരകാസുരൻ ബാലി സുഗ്രീവൻ തുടങ്ങിയ കഥാപാത്രങ്ങൾക്ക് പാച്ചുപിള്ള സവിശേഷമായ രംഗാവതരണം നല്കിയിട്ടുണ്ട് പാത്രബോധവും ഫലിതവും പരസ്പര വിരുദ്ധമല്ല എന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ഓരോ വേഷവും സമകാലിക നാട്യവേദിയിലെ തേജസ്വികളായ കലാകരന്മാരുമൊത്ത് പ്രവർത്തിക്കാൻ കിട്ടിയ അനേകമവസരങ്ങളും പാച്ചുപിള്ളയുടെ കീർത്തിക്ക് കാരണമായിട്ടുണ്ട് വിനയവും വിജ്ഞാനവും ഒത്തിണങ്ങിയ പ്രതിഭാശാലികളായ അപൂർവ്വം കഥകളി വേഷക്കാരിലൊരാളാണ് പാച്ചുപിള്ള കേന്ദ്ര കേരള സംഗീത നാടക അക്കാദമി അവാർഡുകൾ കേരള കലാമണ്ഡലം ഫെലോഷിപ്പ് പട്ടിക്കാംതൊടി രാമുണ്ണി മേനോൻ സ്മാരക പുരസ്കാരം എന്നിവ കുടാതെ നിരവധി സമ്മാനങ്ങൾ പാച്ചുപിള്ളക്കു ലഭിച്ചിട്ടുണ്ട് വിശ്വോത്തര കലയായ കഥകളിക്ക് നല്കിയ മഹനീയ സംഭാവനകളെ മാനിച്ചു കൊണ്ട് 2002, ലെ കേരള സംസ്ഥാന കഥകളി പുരസ്ക്കാരം ചമ്പക്കുളം പാച്ചുപിള്ളക്ക് നൽകി അദ്ദേഹത്തെ സംസ്ഥാന സർക്കർ ആദരിച്ചു.

കേരള നടനമെന്ന നിർത്ത കലാരൂപം ചിട്ടപ്പെടുത്തിയ ഡാൻസർ ഗുരു ഗോപിനാഥ് ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ ആണ് .അപ്പൂപ്പന്റെ പിൻതുടർച്ചക്കാരനായി ഈ തലമുറയിൽ കഥകളി രംഗത്തെ സജീവ സാന്നിദ്ധ്യമായ പ്രശസ്ത കഥകളി നടൻ കലാമണ്ഡലം അമൽ ജിത് (അമ്പിളിക്കുട്ടൻ) ചമ്പക്കുളം പാച്ചുപിള്ളയുടെ മൂത്ത മകന്റെ മകൻ ആണ്. ശാന്തമ്മ മുരളീധരൻ നായർ നായർ എന്നിവരാണ് മക്കള്‍.

Related Articles

Back to top button