KeralaLatest

കുടുംബം മൊത്തം കോവിഡ് കാലത്ത് സാന്ത്വനവുമായി,

“Manju”

 

രജിലേഷ് കെ.എം.

കോട്ടയം: തലവടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കളങ്ങര കുറുവച്ചിറ വീട്ടിലെ അംഗങ്ങളെല്ലാം ആരോഗ്യ പ്രവര്‍ത്തകരാണ്. കുറുവച്ചിറ പരേതനായ നന്ദനന്റെ ഭാര്യ ബിന്ദു നേരത്തേ പഞ്ചായത്തില്‍ ആശാ വര്‍ക്കറായിരുന്നു. അതിന്റെ ചുവടുപിടിച്ച് മക്കളായ ആര്‍ദ്രയും നമിതയും ആതുരസേവനരംഗം തെരഞ്ഞെടുത്തു. വാര്‍ഡിലെ കിടപ്പുരോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സേവനം ചെയ്തു വന്ന ബിന്ദുവിന്റെ പാത പിന്തുടര്‍ന്നാണ് രണ്ടു പെണ്‍മക്കളും നഴ്‌സിങ് പഠനത്തിലേക്കു തിരിഞ്ഞത്. മൂത്ത മകള്‍ ആര്‍ദ്ര അബുദബിയില്‍ അല്‍ഹസീര്‍ ആശുപത്രിയില്‍ നഴ്‌സാണ്.

ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് സാന്ത്വനവുമായി ആര്‍ദ്ര എപ്പോഴുമുണ്ട്. പ്രവാസികളില്‍ പലരും നാടിന്റെ സുരക്ഷിതത്വം തെരഞ്ഞെടുത്ത് തിരിച്ചുവരാന്‍ തിരക്കുകൂട്ടുമ്പോഴും ആര്‍ദ്ര അതിനില്ല.

നഴ്‌സിങ് ജോലിയുടെ മാഹാത്മ്യം ഉള്‍ക്കൊണ്ട് സേവനം തുടരുകയാണ് ആര്‍ദ്ര. നമിത മഹാരാഷ്ട്രയിലെ കോകിലാബെന്‍ ധീരുബായി അംബാനി ആശുപത്രിയില്‍ നഴ്‌സാണ്. കോവിഡ് രോഗബാധ മഹാരാഷ്ട്രയെ പിടിച്ചുലയ്ക്കുമ്പോഴും സ്വന്തം സുരക്ഷിതത്വം നോക്കാതെ ആതുരസേവനരംഗത്ത് നമിത സജീവമാണ്. രണ്ടു പെണ്‍മക്കളും കോവിഡ് ഭീതി നിറഞ്ഞ മേഖലയിലാണു ജോലി ചെയ്യുന്നതെന്ന് അറിയുമ്പോഴും ബിന്ദുവിന് വേവലാതിയില്ല. ഭൂമിയിലെ മാലാഖമാരാകാന്‍ അവര്‍ സ്വയം തെരഞ്ഞെടുത്ത വഴിയില്‍ അഭിമാനം കൊള്ളുകയാണു മാതൃഹൃദയം.

കോട്ടയം മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയറ്ററില്‍ രേഷ്മ മോഹന്‍ദാസ് വീണ്ടും കര്‍മനിരതയാകുമ്പോള്‍ തെളിയുന്നത് അതിജീവനത്തിന്റെ നേര്‍ച്ചിത്രം. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ഭീതി പടരുന്നതിനിടെയാണ് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കുരോഗം ബാധിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. കേരളം ഞെട്ടലോടെയാണ് അന്നതു കേട്ടത്. രോഗിയെ പരിചരിച്ചിരുന്ന നഴ്‌സിനു കോവിഡ് ബാധിെച്ചന്ന വാര്‍ത്ത ജനങ്ങളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിച്ചു. എന്നാല്‍, ആരോഗ്യപ്രവര്‍ത്തക രോഗമുക്തയായി നമുക്കു മുന്നില്‍ വരുമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്ക്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അതു സത്യമായി.

കോവിഡ് രോഗമുക്തയായ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രേഷ്മ മോഹന്‍ദാസിന്റെ ത്യാഗവും സമര്‍പ്പണവും ലോകം അറിഞ്ഞു. ലോകത്താകെ മരണം വിതച്ച മഹാമാരിയെ അതിജീവിച്ചവരുടെ പ്രതീകമായി രേഷ്മ മോഹന്‍ദാസ് മാറി. കോവിഡ് ബാധിതരായി ഇറ്റലിയില്‍നിന്നു വന്ന റാന്നി കുടുംബത്തിലെ വയോധിക ദമ്പതികളെ പരിചരിക്കുന്നതിനിടെയാണു രേഷ്മ രോഗബാധിതയായത്. വയോധിക ദമ്പതികള്‍ തീര്‍ത്തും അവശരായിരുന്നു. അതുകൊണ്ടുതന്നെ അവരെ കിടപ്പുരോഗികളായി കണ്ടാണ് പരിചരിച്ചത്.

ഡ്യൂട്ടി സമയത്ത് പ്രത്യേക വസ്ത്രം ധരിച്ചാണ് രേഷ്മ അടക്കമുളള നഴ്‌സുമാര്‍ ജോലി ചെയ്തത്. അത് ധരിച്ചാല്‍ വെള്ളം കുടിക്കാനോ ടോയ്‌ലറ്റില്‍ പോകാനോ പോലും കഴിയുമായിരുന്നില്ല. ഡ്യൂട്ടി കഴിഞ്ഞ് കുളിച്ചുവൃത്തിയായ ശേഷമേ ഭക്ഷണം കഴിക്കാനും താമസ സ്ഥലത്തേക്കു പോകാനും കഴിഞ്ഞിരുന്നുള്ളൂ.

കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി തുടങ്ങി എട്ടു ദിവസം കഴിഞ്ഞപ്പോഴാണു രേഷ്മയ്ക്കു രോഗലക്ഷണം കണ്ടു തുടങ്ങിയത്. സംശയം തോന്നിയപ്പോള്‍ ആദ്യം അറിയിച്ചത് ഭര്‍ത്താവ് ഉണ്ണികൃഷ്ണനെയാണ്. ”പേടിക്കരുത്,ധൈര്യമായിരുന്നോളൂ. ഒന്നും സംഭവിക്കില്ല” എന്നു പറഞ്ഞാണ് അദ്ദേഹം ആശ്വസിപ്പിച്ചത്. ആ ധൈര്യമാണ് രോഗത്തെ അതിജീവിച്ച് പുറത്തുവരാന്‍ കരുത്തു പകര്‍ന്നതെന്നു രേഷ്മ പറയുന്നു.

സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച് ഫലം വന്നപ്പോള്‍ രോഗമുണ്ടെന്ന് ആരും പറഞ്ഞില്ല. മെഡിക്കല്‍ കോളജിലെ ഡോക്ടറാണു പിന്നീട് അടുത്തുവന്നു കാര്യം പറഞ്ഞത്. ഓരോ ദിവസവും പിന്നീടു പെട്ടെന്നാണു കടന്നുപോയത്. ചികിത്സയ്ക്കിടെ പലപ്പോഴും സാമ്പിളുകള്‍ അയച്ചുകൊടുത്തിരുന്നു. റിസള്‍ട്ട് നെഗറ്റീവായ ദിവസം വീണ്ടും ഡോക്ടര്‍ വന്നു. ”വീട്ടില്‍ പോകാന്‍ റെഡിയായിക്കോളൂ” എന്നു പറഞ്ഞു. ജോലിക്കെത്തിയപ്പോള്‍ മുതല്‍ ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു ഡ്യൂട്ടി. കോവിഡ് ആശുപത്രിയായപ്പോഴാണ് കോവിഡ് വാര്‍ഡിലേക്ക് മാറിയത്. ഇപ്പോള്‍ വീണ്ടും ഓപ്പറേഷന്‍ തീയേറ്ററില്‍ വീണ്ടും ജോലിക്കെത്തിത്തുടങ്ങി.

Related Articles

Back to top button