KeralaLatest

സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ്വും ഊര്‍ജ്ജവും നല്‍കുന്ന പദ്ധതികള്‍: കെ.സുരേന്ദ്രന്‍

“Manju”

 

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍പ്പെട്ടുപോയ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ്വും ഊര്‍ജ്ജവും നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രതിസന്ധിയില്‍ നിന്ന് രാജ്യം വളരെ വേഗത്തില്‍ കരകയറുമെന്ന പ്രതീക്ഷ യാഥാര്‍ത്ഥ്യമാകുകയാണ്. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് വലിയ ഉത്തേജനം പാക്കേജ് നല്‍കുന്നു. കേരളത്തിലെ കശുവണ്ടി, കയര്‍, കൈത്തറി മേഖലയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്വാശ്രയ ഭാരതം എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിനും ആ സുന്ദര സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുമുള്ള ധീരമായ ചുവടു വെയ്പുകളാണ് ധനമന്ത്രി പ്രഖ്യാപിച്ച പരിപാടികള്‍. ചെറുകിട, ഇടത്തരം വ്യവസായമഖലയെ പുനര്‍നിര്‍വചിച്ചു കൊണ്ടുള്ള പ്രഖ്യാപനം ആമേഖലയുടെ കുതിച്ചുചാട്ടത്തിനാണ് വഴിയൊരുക്കുക. ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്പയാണ് ഈ മേഖലയില്‍ അനുവദിചിട്ടുള്ളത്.
ഏറ്റവും വിപ്ലവകരമെന്നു വിശേഷിപ്പിക്കേണ്ടതാണ് ആഗോള ടെണ്ടറുകള്‍ ചെറുകിട, ഇടത്തരം മേഖലയില്‍ വിലക്കി കൊണ്ടുള്ള തീരുമാനം. ഇരുനൂറു കോടി വരെയുള്ള പദ്ധതികളെയാണ് ഇങ്ങനെ വിലക്കിയത്. സാധാരണക്കാരന്റെ ധനലഭ്യത വര്‍ധിപ്പിക്കാന്‍ സഹായകമായി പിഎഫിലേക്ക് ജീവനക്കാരന്റെ വിഹിതം 12% നിന്ന് 10% ആയി കുറച്ചു. അതേ അവസരത്തില്‍ പൊതു മേഖലാ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് 12% വിഹിതം തുടര്‍ന്നും നല്‍കും. ചെറുകിട സ്ഥാപനങ്ങളുടെ പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. ടിഡിഎസ് റേറ്റ് 25% വെട്ടിക്കുറച്ചതും ധനലഭ്യത ഉറപ്പ് വരുത്തുന്ന നടപടിയാണ്. അക്ഷരാര്‍ഥത്തില്‍ ആത്മ നിര്‍ഭര്‍ ഭാരതത്തിന്റെ അടിസ്ഥാന ശിലകളാണ് ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക നിര്‍ദേശങ്ങളെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്ക്ക് 20,000 കോടിയാണ് അനുവദിച്ചത്. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍  10000 കോടിയും അനുവദിച്ചിരിക്കുന്നു. മാന്ദ്യത്തില്‍ പെട്ട റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പാക്കേജിലൂടെ സാധ്യമാകുകയാണ്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിധിയില്‍ വരുന്ന പദ്ധതികളുടെ രജിസ്‌ട്രേഷനും പദ്ധതി പൂര്‍ത്തിയാക്കേണ്ട കാലാവധിയും നീട്ടി നല്‍കും. 2020 മാര്ച്ച് 25-നോ അതിനു ശേഷമോ കാലാവധി പൂര്‍ത്തിയാകുന്ന പദ്ധതികളുടെ രജിസ്‌ട്രേഷനും പദ്ധതി പൂര്ത്തിയാക്കാനുള്ള കാലാവധിയും ആറുമാസം നീട്ടി നല്‍കും. റെഗുലേറ്ററി അതോറിറ്റികള്‍ക്ക് ആവശ്യമെങ്കില്‍ സമയ പരിധി മൂന്ന് മാസത്തേക്കുകൂടി നീട്ടി നല്‍കാം.  കെട്ടിട നിര്മാതാക്കള്‍ക്ക് മേലുള്ള സംഘര്‍ഷം ലഘൂകരിക്കാനും അവര്‍ക്ക് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനും വേണ്ടിയാണിതെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമ്പോള്‍ കോവിഡാനന്തര ഭാരതം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും മുന്നേറ്റം നടത്തുകയും ചെയ്യുമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

Related Articles

Back to top button