KeralaLatest

ആഡംബര ബൈക്ക് മോഷണസംഘം പിടിയിൽ

“Manju”

സ്വന്തം ലേഖകൻ

മാള: ലഹരിമരുന്നു കടത്താൻ ആഡംബര ബൈക്കുകൾ മോഷ്ടിക്കുന്നതു പതിവാക്കിയ ജില്ലാന്തര സംഘം പൊലീസ് പിടിയിൽ. കൊടുങ്ങല്ലൂർ വെമ്പല്ലൂർ തയ്യിൽ സൗരവ് (23), മേത്തല എൽത്തുരുത്ത് തലപ്പിള്ളി അമൽദേവ് (23), എറിയാട് ഉണ്ണിയമ്പാട്ട് ഹസീബ് (26), കോട്ടപ്പുറം എടപ്പിള്ളി മാലിക് (18) എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ടു പേരെയുമാണ് മാള സിഐ വി. സജ‍ിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 4 പേർ കൂടി ഉടൻ പിടിയിലായേക്കും. ചെങ്ങമനാട്ടെ എടിഎം കുത്തിത്തുറന്നു മോഷണം നടത്താൻ ശ്രമിച്ചതും ഇതേ സംഘമാണെന്നാണ് സൂചന.
പൊയ്യ, പൂവ്വത്തുശ്ശേരി, അഷ്ടമിച്ചിറ, കൊമ്പിടി എന്നിവിടങ്ങളിൽ നിന്ന് ആഡംബര ബൈക്കുകൾ മോഷ്ടിച്ചു പണയം വയ്ക്കുകയും പൊളിച്ചുവിൽക്കുകയും ചെയ്തതിനാണ് യുവാക്കളെ പിടികൂടിയത്. ലഹരി കടത്താനായിരുന്നു ബൈക്കുകൾ മോഷ്ടിച്ചത്. ഇവരുമായി ബന്ധമുള്ള 2 പേർ ബൈക്ക് മോഷ്ടിച്ചു കടത്തുന്നതിനിടെ മൂന്നാറിൽ അപകടത്തിൽപ്പെട്ടിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.
വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ഇടിച്ചുവീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച കേസിലും ഇവർ പ്രതിയാണ്. മോഷ്ടിച്ച ബൈക്കുകളിൽ 2 എണ്ണം പൊലീസ് കണ്ടെടുത്തു. മൂന്നാമത്തേതു പൊളിച്ചു കഷണങ്ങളാക്കിയ ശേഷം കൊടുങ്ങല്ലൂർ പുല്ലൂറ്റ് പാലത്തിൽ നിന്നു താഴേക്കെറിഞ്ഞതായി കണ്ടെത്തി. പൊലീസ് പിടികൂടുമെന്നു സംശയം തോന്നിയപ്പോഴായിരുന്നു ഈ തന്ത്രം. ഒരു മത്സ്യത്തൊഴിലാളിയുടെ വലയിൽ ബൈക്കിന്റെ ഷാസി കുടുങ്ങിയതാണ് മോഷണമുതൽ പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. തിരച്ചിലിൽ മറ്റു ഭാഗങ്ങൾ കൂടി കണ്ടെടുത്തു.
പ്രതികളിലൊരാളായ സൗരവ് സ്വകാര്യ ലോ കോളജിലെ കെഎസ്‍യു പ്രവർത്തകനാണ്. അടിപിടിക്കേസിലും മതിലകം സ്റ്റേഷനിൽ പോക്സോ കേസിലും ഇയാൾ പ്രതിയാണ്. അമൽദേവ് ഒട്ടേറെ കഞ്ചാവ് കേസ‍ുകളിൽ പ്രതിയാണ്. എസ്ഐ എ.വി. ലാലു, എഎസ്ഐമാരായ സുധാകരൻ, ബിജു വാളൂരാൻ, വിശ്വംഭരൻ, തോമസ്, സിപിഒമാരായ ആർ. മിഥുൻകൃഷ്ണ, പി.കെ. ബിജു, ജോബി, എം.എക്സ്. ഷിജു, വിനോദ്, സുജിത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button