KeralaLatest

അധ്യാപികയായി വിക്ടേഴ്സ് ചാനലില്‍ കെ.എസ്.ചിത്രയും

“Manju”

ശ്രീജ.എസ്

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര മൂന്നാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ കവിതയുമായെത്തുന്നു. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കെ എസ് ചിത്ര വിക്ടേഴ്സ് ചാനലിലൂടെ കുട്ടികളുടെ മുന്നില്‍ അധ്യാപികയാകുക. മൂന്നാം ക്ലാസ് മലയാള പാഠാവലിയിലെ സുഗതകുമാരി ടീച്ചറുടെ കണ്ണന്റെ അമ്മ എന്ന കവിതാ ഭാഗമാണ് ചിത്ര കുട്ടികള്‍ക്കായി അവതരിപ്പിക്കുന്നത്.

ഓണ്‍ ലൈന്‍ പഠനം ഏറെ സജീവമായതോടെ കുട്ടികള്‍ക്ക് മുന്നിലെത്താന്‍ ഗായിക തന്നെ താല്‍പര്യം കാട്ടുകയായിരുന്നു. ആനിമേഷന്റെ സഹായത്തോടെയാണ് കവിതാ അവതരണം. വിക്ടേഴ്സ് ചാനലിലൂടെ പ്രശസ്തനായ നൗഫല്‍ മാഷും കെ എസ് ചിത്രയും ചേര്‍ന്നാണ് ക്ലാസ് ഒരുക്കുന്നത്. ചിത്ര കുട്ടികള്‍ക്ക് മുന്നിലെത്തുന്നത് പുത്തന്‍ അനുഭവമാകുമെന്നാണ് വിക്ടേഴ്സ് ചാനല്‍ അധികൃതര്‍ കരുതുന്നത്. ഒപ്പം മുത്തശ്ശി കഥകളുമായി സിനിമ താരം വല്‍സല മേനോനും കുട്ടികളുടെ മുന്നിലെത്തും.

സുധീര്‍ യൂസഫാണ് ആനിമേഷന്‍ ഒരുക്കിയിരിക്കുന്നത്. വിക്ടേഴ്സ് ചാനല്‍ മേധാവി മുരുകന്‍ കാട്ടാക്കടയാണ് ഇത്തരമൊരു സംരഭത്തിന് മുന്‍കൈയ്യെടുത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ കെ എസ് ചിത്രയിലൂടെ മൂന്നാം ക്ളാസുകാര്‍ക്ക് കണ്ണന്‍റെ വികൃതിത്തരങ്ങള്‍ കാണാം.

Related Articles

Back to top button