IndiaLatest

പുൽവാമയിൽ 2019 മോഡൽ സ്ഫോടനനീക്കം: ഭീകരരുടെ പദ്ധതി പൊളിച്ച് സൈന്യം

“Manju”

സിന്ധുമോള്‍ ആര്‍

ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ 20 കിലോ സ്ഫോടക വസ്തുക്കളുമായി വന്ന വാഹനം പിടിച്ചെടുത്ത് സുരക്ഷാ സേന. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചതിനു സമാനമായ ഇംപ്രോവൈസിഡ് എക്സ്പ്ലോസിവ് ഡിവൈസ് (ഐഇഡി) തന്നെയാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്റലിജൻസ് വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്.

കാറിന്റെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ളവ വ്യാജമാണ്. ബാരിക്കേഡു തകർത്തു പോകാൻ ശ്രമിച്ച കാറിനു നേരേ സുരക്ഷാ സേന വെടിയുതിർത്തതിനെ തുടർന്നു ഡ്രൈവർ ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത ഐഇഡി നിർവീര്യമാക്കി. ഇതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്കു കേടുപാടു പറ്റി. സൈനിക, അർധസൈനിക, പൊലീസ് സേനകൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയെന്നു ഐജി വിജയ് കുമാർ പറഞ്ഞു.

2019 ഫെബ്രുവരി 14ന് പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരർ ഐഇഡി ഉപയോഗിച്ചു നടത്തിയ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിലെ ജയ്ഷെ ഭീകര ക്യാംപിൽ ഇന്ത്യ മിന്നലാക്രമണവും നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി കശ്മീർ അതിർത്തിയിൽ വീണ്ടും ആക്രമണങ്ങൾ നടക്കുന്നുണ്ട്. 30 സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായത്. 38 ഭീകരരെ സൈന്യം വകവരുത്തി.

രാജ്യത്തെ കൊടും ഭീകരരുടെ പട്ടികയിൽ ഒന്നാമനും പാക്ക് ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ ഓപ്പറേഷനൽ കമാൻഡറുമായ റിയാസ് നായ്ക്കൂവിനെ (32) കശ്മീരിലെ പുൽവാമ ജില്ലയിൽ ഈ മാസമാദ്യം സുരക്ഷാ സേന വധിച്ചിരുന്നു. ഏറ്റവും അപകടകാരിയായ ഭീകരൻ എന്ന ഗണത്തിലാണ്  ഇയാളെ ഉൾപ്പെടുത്തിയിരുന്നത്.

Related Articles

Back to top button