KeralaLatest

കോവിഡ് 19 റിപ്പോർട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി ആദ്യമായി പൊതുചടങ്ങിൽ പങ്കെടുത്തു

“Manju”

അഖിൽ ജെ എൽ

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.കോവിഡ് 19 റിപ്പോർട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങായിരുന്നു ഇത് വികാസ് ഭവൻ കോമ്പൗണ്ടിൽ കേരള നിയമസഭാ മന്ദിരത്തിന് സമീപമാണ് പുതിയ മന്ദിരം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. ചടങ്ങിനെത്തിയ എല്ലാവരും മാസ്‌ക്ക് ധരിച്ചിരുന്നുവെന്ന് ഉറപ്പാക്കി. കൈകൾ സാനിറ്റൈസ് ചെയ്ത ശേഷമാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശിപ്പിച്ചത്. വളരെക്കുറച്ച് ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ശാരീരികാകലം പാലിച്ചാണ് എല്ലാവരും പങ്കെടുത്തത്.

പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമിച്ചത്. ആധുനികത പ്രതിഫലിക്കുന്ന നിർമാണശൈലിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 1997 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന് 8.14 കോടി രൂപ ചെലവായി. ഒന്നാം നിലയിൽ കമ്മീഷണറുടെ മുറിയും കോർട്ട്ഹാളും രണ്ടും മൂന്നും നിലകളിൽ സെക്രട്ടറിയുടെ മുറിയും ഉദ്യോഗസ്ഥരുടെ മുറികളുമാണുള്ളത്. വിശാലമായ സെക്ഷൻ ഓഫീസും ക്രമീകരിച്ചിട്ടുണ്ട്.

കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ്, സിസിടിവി ക്യാമറ, ബോർഡ് റൂം കോൺഫറൻസിംഗ്, വീഡിയോ കോൺഫറൻസിംഗ്, പ്രൊജക്ടർ, മീറ്റിംഗ് ഹാളിൽ ഓഡിയോ വീഡിയോ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ, വി. എസ്. ശിവകുമാർ എം. എൽ. എ, മേയർ കെ. ശ്രീകുമാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ, നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻ നായർ, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി എ. സന്തോഷ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button