KeralaLatest

എം പി വീരേന്ദ്ര കുമാറിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയിലെ വീട്ടു വളപ്പില്‍ നടക്കും

“Manju”

 

ഇന്നലെ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ എം പി വീരേന്ദ്ര കുമാറിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയിലെ വീട്ടു വളപ്പില്‍ നടക്കും.

മികച്ച വാഗ്മി, എഴുത്തുകാരന്‍, സാമ്രാജ്വത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളി എന്നിങ്ങനെയെല്ലാം തിളങ്ങിയിരുന്ന വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ ശാന്തിഗിരി ന്യൂസ് ദുഖിക്കുന്നു. ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകീട്ട് എട്ടരയോടെ കോഴിക്കോട് ചാലപ്പുറത്തെ വീട്ടില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

തുടര്‍ന്ന് വീരേന്ദ്ര കുമാറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ച് വീണ്ടും ഹൃദയാഘാതമുണ്ടായി. രാത്രി പതിനൊന്നോടെ അന്ത്യം സംഭവിച്ചു.വിശേഷണങ്ങള്‍ നിരവധിയാണ് വീരേന്ദ്രകുമാറിന്. കുറിക്ക് കൊള്ളുന്ന വാഗ്ചാരുതയാണ് പ്രസംഗത്തിലെ ഇന്ദ്രജാലമെങ്കില്‍ ചിന്തകളുടെ പ്രവാഹമാണ് എഴുത്തിലെ മുഖമുദ്ര.
ഭരണകൂടങ്ങള്‍ മനുഷ്യാവകാശം ഹനിക്കുമ്പോള്‍ അദ്ദേഹം ശബ്ദിച്ചു. പ്രകൃതിയെ ചൂഷണം ചെയ്തപ്പോള്‍ വിട്ടുവീഴ്ചയില്ലാതെ പോരാടി.

ഇടതുപക്ഷം ചേര്‍ന്നായിരുന്നു രാഷ്ട്രീയ ജീവിതയാത്രയില്‍ ഭൂരിഭാഗവും നേരം അദ്ദേഹം സഞ്ചരിച്ചത്. ഇടയ്ക്ക് ഒന്നു മാറിയെങ്കിലും വൈകാതെ അവിടേക്ക് തന്നെ മടങ്ങി. എല്‍ഡിഎഫ് രൂപവത്കരിച്ചപ്പോള്‍ അതിന്റെ ആദ്യ കണ്‍വീനറായി കേരളത്തില്‍ പുതിയൊരു മുന്നണിക്ക് നേതൃത്വം നല്‍കി.

1987 ല്‍ നിയമസഭാംഗവും വനം വകുപ്പ് മന്ത്രിയുമായി. 1993 ല്‍ ജനതാദളിന്റെ സംസ്ഥാന പ്രസിഡന്റായി. 1996 ലും 2004 ലും കോഴിക്കോട് നിന്ന് ലോക്‌സഭയിലെത്തി. 1997 ല്‍ കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയായി. പിന്നീട് തൊഴില്‍ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി.

ജീവിതത്തിന്റെ അവസാന നാളുകളിലും രാജ്യത്തെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. രാജ്യസഭാ അംഗമായിരിക്കെയാണ് സോഷ്യലിസ്റ്റ് ആചാര്യനായ എം.പി. വീരേന്ദ്രകുമാറിന്റെ വിടവാങ്ങല്‍.

Related Articles

Back to top button