KeralaLatest

എം പി വീരേന്ദ്രകുമാർ സ്‌മരണ

“Manju”

 

സുരേഷ് കൃഷൻ

രണ്ടായിരത്തിൽ ആണ് പ്രണയത്തിന്റെ നാനാർത്ഥങ്ങൾ എന്ന പുസ്തകത്തിന്റെ രചന തുടങ്ങുന്നത്.
മലയാളത്തിലെ തലമുതിർന്ന എഴുത്തുകാരുടെ പ്രണയനുഭവങ്ങൾ സമാഹരിക്കുകയായിരുന്നു പുസ്തകത്തിന്റെ ലക്ഷ്യം.
മാധവിക്കുട്ടിയും, എം. മുകുന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടും നരേന്ദ്രപ്രസാദും ഒക്കെ അണിനിരക്കുന്ന പുസ്തകത്തിൽ വീരേന്ദ്രകുമാറിന്റെ പ്രണയാനുഭവങ്ങൾ കൂടി ഉൾപ്പെടുത്തണം എന്ന് ഞാൻ തീവ്രമായി ആഗ്രഹിച്ചിരുന്നു.
ആ കാലത്ത് മാതൃഭൂമിയിൽ ഞാൻ കരാർഅടിസ്ഥനത്തിൽ ജോലി ചെയ്യുകയാണ്. ഒരു കരാർജീവനക്കാരൻ എഴുതുന്ന ബുക്കിൽ ആ സ്ഥാപന സാരഥി ഒരു ഇന്റർവ്യൂ നൽകുമോ എന്ന് ഞാൻ ന്യായമായും ഭയന്നു.

ചങ്ങമ്പുഴ വിധിയുടെ ബലിമൃഗം, രാമന്റെ ദുഃഖം, ഗാട്ടും കാണാച്ചരടും അടക്കമുള്ള പുസ്തകങ്ങൾ വായിച്ചു ആ എഴുത്തുകാരനോട് ഒരഗാധത ഞാൻ മനസ്സിൽ സുക്ഷിച്ചിരുന്നു. ഈ ഹൃദയവായ്പുകൾ എല്ലാം തികച്ചും വ്യക്തിപരമാണ്. അദ്ദേഹത്തിനു എന്നെ അറിയില്ല.
ഞാൻ കോട്ടയം യൂണിറ്റിൽ ആയിരുന്നു. അവിടുത്തെ യൂണിറ്റ് മാനേജർ ആയിരുന്ന രാജേന്ദ്രപ്രസാദ് സാറിനോട് എന്റെ ആഗ്രഹം അറിയിച്ചു. സ്വതേ ഒരു മുൻശുണ്ഠിക്കാരൻ എന്നാണ് ജീവനക്കാർ പ്രസാദ് സാറിനെ വിലയിരുത്തിയിരുന്നത്.
എന്തുകൊണ്ടോ മാനേജർ എന്റെ ആവശ്യം സഹാനുഭൂതിയോടെ കേട്ടു, ശ്രമിക്കാം എന്ന് മറുപടി തന്നു. രണ്ട് സാദ്ധ്യതകൾ എന്റെ മനസ്സിൽ ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെട്ടുകൊണ്ടിരുന്നു. ഒന്ന്, എഴുത്തിൽ ഒരു വിലാസം ഉണ്ടാക്കിയെടുക്കാൻ കഴിയാത്ത ഒരാളാണ് ഞാൻ. മാത്രല്ല അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ഒരു കീഴ്ജീവനക്കാരനും ആണ്. വാതിലുകൾ കൊട്ടിയടക്കപ്പെടാം.
രണ്ട്, അദ്ദേഹം ഒരു തികഞ്ഞ സോഷിലിസ്റ്റും അതിലുപരി പ്രതിഭയുടെ വേരുകൾ തേടുന്ന ഒരെഴുത്തുകാരനും ആണ്… വാതിലുകൾ തുറക്കപ്പെടാം.. ഞാൻ അന്തിമവിധിക്കായി കാത്തിരിന്നു.
പ്രണയം കൗമരത്തിന്റെയോ യൗവ്വനത്തിന്റെയോ മാത്രം കൈയ്യൊപ്പല്ലെന്നും അത് ഏത് പ്രായത്തിലും നമ്മെ നിത്യതയിലേക്ക് നയിക്കുന്ന ഒരു വികാരപ്രപഞ്ചമാണെന്നും വിളിച്ചു പറയാൻ വെമ്പൽ കൊണ്ട ഒരെഴുത്തുകാരൻ ആയിരുന്നു എം. പി. വീരേന്ദ്രകുമാർ.
ആ വികാരവായ്പുകൾ പങ്കുവയ്ക്കാൻ അദ്ദേഹം എന്നെ കോഴിക്കോട്ടേക്ക് വിളിപ്പിച്ചു. അമ്പരപ്പോടെയാണ് ഞാൻ ആ സത്യം ഉൾക്കൊണ്ടത്.
മാതൃഭൂമി ഗസ്റ്റ് ഹൗസിൽ എല്ലാ തിരക്കുകൾക്കും അവധി നൽകി ഏറെ അടയാളപ്പെടുത്തലുകൾ നടത്തിയ ഒരു മുതിർന്ന പത്രപ്രവർത്തകനു മുന്നിൽ എന്ന പോലെ അദ്ദേഹം എനിക്ക് മുന്നിൽ ഇരുന്നു തന്നു., പ്രണയത്തെപ്പറ്റി ചർച്ചചെയ്യാൻ…
അദ്ദേഹം പറഞ്ഞു തുടങ്ങി : ഒരു യാത്രക്കിടയിൽ കോസ്റ്ററിക്കയുടെ തലസ്ഥാനമായ സാൻഹോസിലെ ഒരു നിശാക്ലബ്ബിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോയി. മോറിയ എന്ന കറുത്ത വർഗക്കാരിയായിരുന്നു വിളമ്പുകാരി.
ദൈന്യതയിലേക്ക് പിറന്നു വീണതു പോലെ ദുഃഖം ഘനീഭവിച്ചു നിൽക്കുന്ന നീണ്ട കണ്ണുകളും അനിർവ്വചനീയമായ വിഷാദം കൊണ്ട് മുഖമെഴുത്തും നടത്തിയ ഒരു കറുത്ത വർഗ്ഗക്കാരി.
നിക്കൊരാഗോയിലെ ആഭ്യന്തര കലാപത്തിൽ നിന്നും രക്ഷപ്പെട്ടു കോസ്റ്ററിക്കയിൽ അഭയം തേടിയിരിക്കുകയാണ് മോറിയ. അവളുടെ ഭർത്താവും സഹോദരന്മാരും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന സാന്താനിസ്റ്റു ഗറില്ലകളാണ്. കലാപത്തിന്റെ കെടുതികൾക്കിടയിൽ മോറിയക്കു ഏകമകളെയും കൈവിട്ടു.
നിശാക്ലബ്ബിന്റെ അരണ്ടവെളിച്ചത്തിൽ മോറിയയുടെ അമ്മമനസ്സിന്റെ വിങ്ങൽ ആരും കാണാറില്ല. അഭയാർഥികളായി എത്തിയവരുടെ വ്യഥകളിലേക്കു ഇറങ്ങി ചെല്ലാൻ ആർക്കാണ് നേരം…
അതിരുകൾ വെള്ളിമീനുകൾ അമ്പിപ്പോയ ഒരോർമ്മ ചിത്രം പോലെ മോറിയ ഇന്നും അഥിതികളെ മോഹിപ്പിക്കുന്നു. ചിലർ ടിപ്പായും മറ്റുചിലർ സഹശയനത്തിനു പ്രതിഫലമായി വച്ചുനീട്ടുന്ന അമ്പതു ഡോളറും ഒക്കെയാണ് അവരുടെ ആകെ വരുമാനം…
ക്ലബ്ബിലെ അരണ്ട വെളിച്ചത്തിൽ ഇരുന്ന് സുഹൃത്തു മോറിയയുടെ കഥ പറഞ്ഞു. വിശപ്പ് കെട്ടുപോയ ഒരു രാത്രി എന്നാണ് വീരേന്ദ്രകുമാർ ആ അത്താഴവിരുന്നിനെ വിശേഷിപ്പിച്ചത്.
ക്ലബ്ബിൽ നിന്നും ഇറങ്ങും മുൻപ് കൈയ്യിൽ തടഞ്ഞ ഡോളറുകൾ മോറിയയുടെ കൈവെള്ളയിൽ വയ്ക്കുമ്പോൾ അദ്ദേഹം പറഞ്ഞു : ഈ ഡോളറുകൾ നിന്റെ മതൃത്വത്തെ മാനിച്ചു തരുന്നതാണ്. കലാപഭൂമിയിൽ നഷ്ട്ടപ്പെട്ട നിന്റെ മകൾ ഒരു ദിവസം മടങ്ങി വരാതിരിക്കില്ല. അന്ന് നീ എനിക്കൊരു കത്തെഴുതണം…
സത്രമുറിയിലേക്ക് നടക്കുമ്പോൾ മോറിയയെ ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്നു വിചാരിച്ചു. പക്ഷേ അവൾ വീണ്ടും അതിശയിപ്പിച്ചു. അടുത്ത പ്രഭാതത്തിൽ വാതിലിൽ തട്ടിവിളിച്ചു അവൾ കാത്തുനിന്നു. പുറത്തേക്കു വന്ന അദ്ദേഹത്തിന്റെ കൈകളിലേക്ക് തലേരാത്രിയിൽ നല്കിയ ഡോളറുകൾ തിരുച്ചു വച്ചിട്ട് മോറിയ പറഞ്ഞു : ഇവിടെ വരുന്നവരിൽ അധികവും എന്നിൽ ഒരു വിളമ്പുകാരിയെയോ അഭിസാരികയെയോ ആണ് കണ്ടിരുന്നത്. എന്നാൽ സങ്കടപ്പെടുന്ന എന്നിലെ അമ്മയെ നിങ്ങൾ കണ്ടെത്തി. അങ്ങനെയുള്ള ഒരാളുടെ കൈയ്യിൽ നിന്നും സ്നേഹമല്ലാതെ മറ്റെന്തുവാങ്ങിയാലും മകളെ പിരിഞ്ഞ വേദനയെക്കാൾ അത് തീവ്രമായിരിക്കും… !
ആ കറുത്ത വർഗ്ഗകാരിയുടെ കഥ പറയുമ്പോൾ വീരേന്ദ്രകുമാർ എന്ന എഴുത്തുകാരനിൽ മോറിയ ഒരു വിഷാദമായി, പേരറിയാത്ത ഒരു വികാരമായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു.
അദ്ദേഹം പറഞ്ഞു : മോറിയയെപ്പോലെ കൊടിയ ദുരന്തങ്ങളുടെ ജ്വാലകൾ നെഞ്ചിലേന്തുമ്പോഴും സ്നേഹത്തിന്റെ പ്രകാശം പരത്താൻ കഴിയുന്നവർ നമുക്ക് ചുറ്റിലും ഉണ്ട്. അവരെയാണ് നമ്മൾ കണ്ടെത്തേണ്ടത്. അവരിലേക്കാണ് നാം ഇറങ്ങിച്ചെല്ലേണ്ടത്.
വ്യക്തിപരമായ ഒരോർമ്മപ്പെടുത്തൽ പോലെ അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു പത്രസ്ഥാപനത്തിന്റെ ഉടമ എന്ന തലയെടുപ്പ് ഒരിക്കലും ആ എഴുത്തുകാരൻ കാണിച്ചില്ല. ഒരു വാഗ്മിയെപ്പോലെ പ്രണയസന്നിഭമായ ഓർമ്മകളിലൂടെ അദ്ദേഹം സഞ്ചരിച്ചു കൊണ്ടിരിന്നു.
സമയമേറെ കടന്നുപോയി. ഇടർച്ചയും തടസ്സങ്ങളും ഇല്ലാതെ ഒരു കർക്കിടമഴ പോലെയായിരുന്നത്. ഒടുവിൽ പൂർണ്ണവിരാമത്തിനു മുന്നുള്ള ഇടവേള പോലെ അദ്ദേഹം ചോദിച്ചു : രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജർമ്മനിയുടെ തടങ്കൽ പാളയത്തിൽ വച്ചു ഫയറിംഗ് സ്‌ക്വാഡിന്റെ വെടിയേറ്റ് മരിച്ച ഡച്ചു നാവികൻ കിം മിൽത്തേ ബ്രൂണിനെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ?
മുന്നിൽ അന്ധാളിച്ചിരിക്കുന്ന വിദ്യാർത്ഥിയോട് സ്നേഹപൂർവ്വം ചോദ്യമെറിയുന്ന അധ്യാപകനെപ്പോലെ… ഗസ്റ്റപ്പോയുടെ തോക്കിനു ഇരയാവുകയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടു തന്നെ മരണത്തിന് മിനിട്ടുകൾക്ക് മുൻപ്
കിം മിൽത്തേ തന്റെ കാമുകിക്ക് ഒരു പ്രണയലേഖനം എഴുതി. കിം എഴുതിയ ആ വരികൾ എന്തായിരിക്കുമെന്ന് നിനക്ക് ഊഹിക്കാമോ? ഞാൻ ഒട്ടൊക്കെ സ്തംഭിച്ചു പോയിരുന്നു. ഒരു കീഴ്ജീവനക്കാരന് മുന്നിൽ സ്ഥാപനമേധാവി വാതിൽ തുറക്കില്ല എന്ന മുൻവിധികളിൽ ജീവിച്ച ദിവസങ്ങളെ മനസ്സാൽ പഴിക്കുകയായിരുന്നു ഞാൻ.
അപ്പോൾ ഹൃദയത്തിൽ നിന്നും കിം മിൽത്തേ ബ്രൂണിന്റെ പ്രണയ ലേഖനം മണിമുഴക്കം പോലെ അദ്ദേഹം വായിക്കാൻ തുടങ്ങി.
ക്ഷോഭാകുലമായ സമുദ്രത്തിലൂടെ നാം ഒരുമിച്ച് തുഴഞ്ഞുപോയി… കളിച്ചു നടക്കുന്ന വിശ്വസ്തരായ കൊച്ചുകുട്ടികളെ പ്പോലെ നാം കണ്ടുമുട്ടുകയും സ്നേഹിക്കുകയും ചെയ്തു. നാമിന്നും സ്നേഹിക്കുന്നു, എന്നുമതു തുടരുകയും ചെയ്യും…
ഞാനൊരു പാറയിടുക്കിൽ ചെന്നിടിച്ചു മുങ്ങി, നീയാകട്ടെ അറിയപ്പെടാത്ത ഏതോ കരയിൽ അടിച്ചു കയറി. നീ എന്നെ മറക്കരുതേ എന്നു പറയാൻ എനിക്ക് വയ്യ…
എങ്കിലും അത്ര മനോഹരമായ ഒന്നിനെ നീയെന്തിനു മറക്കണം അല്ലേ? ഞാനിതാ മരണത്തോട് അടുക്കുകയാണ്… എന്നെ അതിജീവിപ്പിക്കുന്ന ഒരു ജ്വാല മറ്റൊരു ഹൃദയത്തിൽ കൊളുത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ടോ എനിക്ക് എന്നറിയില്ല. കാരണം സമൃദ്ധമായ ഈ പ്രകൃതിയിൽ ഒറ്റപ്പെട്ട ചില മുളകൾ കാൽക്കിഴിൽ ചതഞ്ഞു മാരണമാണ്ടാൽ ആരും അതത്ര ഗൗനിക്കുകയില്ല. സമ്പന്നങ്ങളായ മറ്റെന്തെല്ലാം അവശേഷിച്ചുകിടക്കുന്നു.
സമുദ്രം ഇന്നും നീലിമയാർന്നതാണ്. നമ്മെ ചൂഴ്ന്നുനിന്ന സമുദ്രം. ഏത് ദുഖവും ഒരിക്കൽ ആഹ്ലാദകരമായിതീരുമെന്നാണ് എന്റെ വിശ്വാസം. ദുഃഖത്തിൽ നിന്നും പക്വതയും അതിൽ നിന്നും സുന്ദരങ്ങളായ ഫലവും പുറത്തു വരും. എന്നിലവശേഷിക്കുന്ന ജീവിതം മുഴുവൻ നിന്നിലേക്ക്‌ ശ്വസിക്കാനും അതുവഴി സാധ്യമാകുന്നത്ര ഒന്നും നഷപ്പെടാതെ തുടർന്നു കാണാനും ഞാൻ ആഗ്രഹിക്കുന്നു. ഇതാണെന്റെ ഹൃദയം ആവശ്യപ്പെടുന്നത്… എന്നെന്നേക്കും നിന്റെതല്ലാതായി മാറുന്ന കിം….
കിം കാകുകിയോടു വിളിച്ചു പറയുന്നത്ര വികാരതീവ്രതയിൽ ഹൃദയത്തിൽ നിന്നും ഒരു പ്രണയ ലേഖനം വായിച്ച് തീർത്തിട്ട് അദ്ദേഹം എന്നോട് പറഞ്ഞു : മരണം അടുത്തെത്തിയെന്നു അറിയുമ്പോഴും ജീവിതത്തെ പ്രണയിക്കാൻ പറ്റിയാൽ, വിജയം അവരുടേതാണ്…
ആ ഓർമ്മപ്പെടുത്തൽ പ്രണയത്തിന്റെ നാനാർത്ഥങ്ങൾ എന്ന പുസ്തകത്തിൽ ചേർക്കാനുള്ളതല്ല, വ്യക്തിപരമായി ഞാൻ മനസ്സിൽ സൂക്ഷിക്കേണ്ടതാണെന്നു തോന്നി.
ബുദ്ധന്റെ ചിരിയിൽ സ്നേഹപൂർവ്വം ഒരു കൈയ്യൊപ്പ് വച്ചു, എനിക്ക് സമ്മാനിച്ചിട്ടു അദ്ദേഹം എന്നെ യാത്രയാക്കി. മാതൃഭൂമി ഗസ്റ്റ് ഹൌസ് വിട്ട്, എം. പി. വീരേന്ദ്രകുമാർ എന്ന സർഗ്ഗ പ്രതിഭയുടെ സന്നിധി വിട്ട് യാത്ര പറയുമ്പോൾ, എന്നെ നിങ്ങളുടെ മനസ്സിൽ ഇട്ടിട്ടാണ് ഞാൻ പോകുന്നതെന്ന്, എന്റെ ഉള്ളറിവ് ഏറ്റുപറഞ്ഞുകൊണ്ടിരുന്നു.

Related Articles

Back to top button