KeralaLatest

ലാപ്ടോപ്പിനും ടാബ്‌ലെറ്റിനും വമ്പൻ ഡിമാൻഡ്

“Manju”

ശ്രീജ.എസ്

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതോടെ സംസ്ഥാനത്ത് ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾക്ക് ഡിമാൻഡ് ഏറി. ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, മൊബൈൽ ഫോൺ, ഹെഡ്സെറ്റ്, വെബ്‌ ക്യാമറ തുടങ്ങിയവയ്ക്ക് മേയ് മാസം മുതൽ ആവശ്യക്കാർ ഏറിയിരിക്കുകയാണ്. സാധാരണ മാസത്തെക്കാൾ ഇരട്ടി വില്പനയാണ് ഇത്തരം ഉത്പന്നങ്ങൾക്ക്. പല രക്ഷിതാക്കളും എന്ത് വാങ്ങണം എന്ന ആശയക്കുഴപ്പത്തിലുമാണ്.

ക്ലാസുകൾ ഓൺലൈൻ ആരംഭിക്കാൻ പ്രഖ്യാപനം വന്നതോടെ പല കമ്പനികളും മറ്റ് സംസ്ഥാനങ്ങിൽ നിന്ന്‌ എത്തിച്ച്‌ സ്റ്റോക്ക് ചെയ്തിരുന്നു. എന്നാൽ, ഓണ സീസണിൽ നടക്കുന്ന വില്പനയിൽ കൂടുതലാണ് പല സ്റ്റോറുകളിലും നടന്നത്. പല സ്ഥലങ്ങളിലും സ്റ്റോക്ക് തീർന്ന അവസ്ഥയായിരുന്നു.

ഒന്നിൽ കൂടുതൽ കുട്ടികൾ ഉള്ള വീടുകളിലേക്ക് ലാപ്‌ടോപ്പിനു പുറമെ ടാബ്‌ലെറ്റാണ് കൂടുതൽ പേരും വാങ്ങുന്നത്. ഇവയ്ക്കു പുറമെ, സ്മാർട്ട് ഫോൺ ചോദിച്ചെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. പല സ്റ്റോറുകളും തിരക്കുമൂലം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഹോം ഡെലിവറി സേവനവും ലഭ്യമാക്കിയിരുന്നു.

കോവിഡ് കാരണം പലർക്കും ഉപകരണങ്ങൾ സ്റ്റോക്ക് ചെയ്യാനും സാധിച്ചിരുന്നില്ല. കേരളത്തിൽ നിലവിൽ 75,000 ലാപ്‌ടോപ്പിന് ആവശ്യക്കാരുണ്ട്. നിലവിലെ സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ 20,000-ത്തോളം ലാപ്‌ടോപ്പുകൾ മാത്രമേ നൽകാൻ സാധിക്കുകയുള്ളു. പുതിയ സ്റ്റോക്ക് എത്തിയാൽ ഇത് പരിഹരിക്കാമെന്ന് ‘ഡെൽ’ പ്രതിനിധി ദിവാകർ പ്രഭു പറഞ്ഞു..

20,000 മുതൽ 30,000 രൂപ വരെയുള്ള ലാപ്‌ടോപ്പുകൾക്കാണ് ആവശ്യക്കാർ ഏറെ. വില കൂടിയവ ഉണ്ടെങ്കിലും ഇവയ്ക്ക് ഡിമാൻഡ് കുറവാണ്. മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് എന്നിവയിൽ 10,000-12,000 രൂപ വരെയുള്ളവയ്ക്കാണ് ആവശ്യക്കാർ. 500 രൂപ മുതലുള്ള ഹെഡ്ഫോണും വിറ്റുപോയി. ഇവയുടെ കൂടെവെബ്‌ ക്യാമറ, വൈഫൈ മോഡം എന്നിവയുടെ ആവശ്യക്കാരും വർധിച്ചു.

സാധാരണ മാസങ്ങളിൽ 8,000 ലാപ്‌ടോപ്പുകളാണ് കേരളത്തിൽ വിൽക്കുന്നത്. മേയ് മാസം കേരളത്തിൽ 27,000 ലാപ്‌ടോപ്പുകളാണ് വിറ്റത്. നിലവിൽ ലാപ്‌ടോപ്പ് വില്പനയിൽ മാത്രം 300 ശതമാനം വളർച്ച കേരളത്തിൽ കൈവരിച്ചിട്ടുണ്ടെന്ന്‘എച്ച്.പി.’ കേരള ബ്രാഞ്ച് മാനേജർ സിനീഷ് ശ്രീധർ അറിയിച്ചു.

ദീർഘകാല ലക്ഷ്യം മുൻനിർത്തി പല രക്ഷിതാക്കളും ലാപ്‌ടോപ്പാണ് തിരഞ്ഞെടുത്തത്. അതേസമയം, പഴയ ടാബ്‌ലെറ്റ്, മൊബൈൽ, വെബ്‌ ക്യാമറ, ലാപ്‌ടോപ്പ് എന്നിവയുടെ തകരാറുകൾ പരിഹരിക്കുന്നവരും ഉണ്ടായിരുന്നു.

ഓൺലൈൻ ക്ലാസുകൾക്കായി ടി.വി.ക്കും ആവശ്യക്കാരുണ്ട്. പ്രത്യേകിച്ച് സ്മാർട്ട് ടി.വി.ക്കാണ് ആവശ്യക്കാർ കൂടുതൽ. സവിശേഷതകൾ മുന്നിൽ കണ്ടാണ് സ്മാർട്ട് ടി.വി.ക്ക് ഡിമാൻഡ് കൂടിയത്. 10,000 രൂപ മുതലുള്ള സ്മാർട്ട് ടി.വി.കൾ വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് ‘ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പ്’ സി.ഇ.ഒ. സിജോ കെ. തോമസ് പറഞ്ഞു. ലോക്‌ഡൗണായതിനാൽ പല രക്ഷിതാക്കൾക്കും കൈയിൽ ആവശ്യത്തിന് പണമില്ല. അതിനാൽ എല്ലാ ഷോപ്പുകളും ഫിനാൻസ് സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഫിനാൻസ് പർച്ചേസ് കൂടിയതായും അധികൃതർ അറിയിച്ചു.

അതേസമയം, ഇ-കൊമേഴ്‌സ് സൈറ്റുകൾ സജീവമായതോടെ ഓൺലൈൻ വഴിയും ആളുകൾ ഉപകരണങ്ങൾ വാങ്ങുന്നുണ്ട്.

Related Articles

Back to top button