KeralaLatest

എസ് പി ബാലസുബ്രമണ്യത്തിന് ഇന്ന് 74ാം പിറന്നാൾ.

“Manju”

 

രണ്ടറ്റവും കത്തിച്ച മെഴുകുതിരിപോലെ പ്രകാശവിരുന്നായ ഒരു സംഗീത ജീവിതം. പാട്ട് അതിന്റെ പരമാവധി സാധ്യതയിൽ നാം കേട്ടത് എസ്.പി. ബാലസുബ്രഹ്മണ്യത്തിലൂടെയാണ്. ഇദ്ദേഹത്തെപ്പോലെ മറ്റൊരു പാട്ടുകാരൻ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടാവില്ല. ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങൾ പാടി ദേശീയ അവാർഡ് വരെ വാങ്ങിയ ഈ ഗായകൻ സംഗീതം ഒരക്ഷരം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ‘കേളടി കൺമണി’യിൽ ഒറ്റശ്വാസത്തിൽ ‘മണ്ണിൽ ഇന്ത കാതൽ…’ , മേഘങ്ങളോളം ഉയർന്നു സഞ്ചരിക്കുന്ന ‘ഇളയ നിലാ…’(പയനങ്കൾ മുടിവതില്ലൈ), മലയാളത്തിലെ ലക്ഷണമൊത്ത കവ്വാലിയായ ‘സ്വർണമീനിന്റെ ചേലൊത്ത…’(സർപ്പം), മരിക്കാത്ത കാൽപ്പനികതയായ ‘താരാപഥം ചേതോഹരം…’(അനശ്വരം)… അങ്ങനെ എത്രയോ വ്യത്യസ്ത അനുഭൂതികൾ…
വിരഹത്തിന്റെ നൊമ്പരവും പ്രണയത്തിന്റെ നൈർമല്യവും താരാട്ടിന്റെ ആർദ്രതയുമെല്ലാം ഗാനങ്ങളിൽ നിറച്ച അനശ്വര ഗാനങ്ങൾ സിനിമാ ലോകത്തിന് സമ്മാനിച്ച എസ് പി ബാലസുബ്രമണ്യത്തിന് ഇന്ന് 74ാം പിറന്നാൾ. ഗായകൻ, സംഗീതസംവിധായകൻ, നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങിയ സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച എസ്പിബി 1946 ജൂൺ 4ന് ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന ഗ്രാമത്തിലാണ് ജനിച്ചത്. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ്.പി.സമ്പാമൂർത്തിക്ക് മകൻ എഞ്ചിനിയർ ആയി കാണാനായിരുന്നു ആഗ്രഹം. അച്ഛനിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ ബാലസുബ്രമണ്യം പഠിച്ചത്. ഹാർമോണിയത്തിലും ഓടക്കുഴലിലുമായിരുന്നു തുടക്കം.

1966ൽ എസ്പിബിയുടെ മാനസഗുരു കോദണ്ഡപാണി സംഗീതം പകർന്ന തെലുങ്ക് ചിത്രം ‘ശ്രീ ശ്രീ മരയത രാമണ്ണ‘ യിൽ പാടിക്കൊണ്ടാണ് അദ്ദേഹം പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ തെലുങ്കിലെ പാട്ടുകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മദ്രാസിൽ എഞ്ചിനിയറിങ് പഠിക്കാനെത്തിയ എസ്പിബിയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവ് സംഗീതസംവിധായകൻ എംഎസ് വിശ്വനാഥനുമായുള്ള പരിചയമാണ്. അവസരം തേടി വിശ്വനാഥന്റെ അടുത്തെത്തിയ ബാലസുബ്രമണ്യനോട് തമിഴ് ഉച്ചാരണശുദ്ധി വരുത്തിവരാൻ സംഗീതസംവിധായകൻ ആവശ്യപ്പെട്ടു. അതിനു ശേഷം ഒരു വർഷം കഴിഞ്ഞ് ഹോട്ടൽ രംഭ എന്ന ചിത്രത്തിൽ എംഎസ് വിശ്വനാഥൻ എസ്പിബിക്ക് അവസരം നൽകി. എന്നാൽ ചിത്രം പുറത്തിറങ്ങിയില്ല.

തുടർന്ന് ശാന്തിനിലയം എന്ന ചിത്രത്തിൽ പി സുശീലയൊടൊപ്പമുള്ള ‘ഇയർകൈ എന്നും ഇളയകനി‘ എന്ന ഗാനം പാടിയെങ്കിലും നിർഭാഗ്യവശാൽ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ ആ ഗാനം ബാലസുബ്രമണ്യന്റെ ജീവിതത്തിൽ കൊണ്ടുവന്ന ഭാഗ്യമായിരുന്നു എംജിആറിന് വേണ്ടിയുള്ള പാട്ട്. ‘ഇയർകൈ എന്നും ഇളയകനി‘ എന്ന ഗാനം കേട്ട എംജിആർ തന്റെ അടുത്ത ചിത്രത്തിൽ ആ യുവഗായകനെക്കൊണ്ട് പാട്ടുപാടിക്കാൻ തീരുമാനിച്ചു. അടിമപ്പെൺ എന്ന ചിത്രത്തിൽ കെ വി മഹാദേവന്റെ സംഗീതത്തിൽ എംജിആറിന് വേണ്ടി പാടിയ ആയിരം നലവേ വാ എന്ന ഗാനമാണ് ബാലസുബ്രമണ്യനെ തമിഴിന്റെ പ്രിയ ഗായകനാക്കി മാറ്റിയത്.
തുടർന്ന് സംഗീതത്തിലെ എസ്പിബിയുടെ കാലഘട്ടമായിരുന്നു. വിവിധ ഭാഷകളിൽ നാൽ്പതിനായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹം പാടി. ഗായകൻ എന്നതോടൊപ്പം സംഗീത സംവിധായകനായി, നടനായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി കൂടുതൽ പാട്ടുകൾ പാടിയതിന്റെ ക്രെഡിറ്റും നേടിയ അദ്ദേഹം ഒരു ദിവസം 17 പാട്ടുകൾ വരെ പാടി റിക്കാർഡു ചെയ്ത് ചരിത്രം സൃഷ്ടിച്ചു.
സംഗീതം ശാസ്ത്രീയമായി പഠിക്കാതെയാണ് എസ്.പി.ബി സംഗീത രംഗത്ത് വെന്നിക്കൊടി പാറിച്ചത്. ‘ശങ്കരാഭരണ‘ത്തിലെ ഗാനങ്ങളിലൂടെ തെലുങ്കിലും തമിഴിലും പ്രേക്ഷകരെ ഇളക്കിമറിച്ച എസ്.പി.ബി ഈ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാർഡും നേടി. കെ. ബാലചന്ദ്രൻ സംവിധാനംചെയ്ത ‘ഏക് ദുജേ കേലിയേ‘ എന്ന ചിത്രത്തിലൂടെയാണ് എസ്പിബി ഹിന്ദിയിലെത്തിയത്. ഈ ഹിന്ദി ചിത്രത്തിലെ പാട്ടുകളിലൂടെ 1981ൽ വീണ്ടും ദേശീയ അവാർഡു നേടി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലെ ഗാനങ്ങളിലൂടെ ആറ് ദേശീയ പുരസ്കാരങ്ങൾ എസ്പിബിയെ തേടി എത്തിയിട്ടുണ്ട്. കർണ്ണാടക സർക്കാറിന്റെ മികച്ച ഗായകനുള്ള പുരസ്കാരം മൂന്ന് പ്രാവശ്യവും തമിഴ്നാട് സർക്കാറിന്റെ പുരസ്കാരം നാല് പ്രാവശ്യവും എസ്പിബിയെ തേടി എത്തിയിട്ടുണ്ട്. കൂടാതെ 2001-ൽ രാജ്യം പത്മശ്രീയും, 2011-ൽ പത്മഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചു.

Related Articles

Back to top button