KeralaLatest

ഉരുൾപൊട്ടൽ ഭീഷണി; ഒഴിയണം 300 വീടുകൾ

“Manju”

ബിന്ദുലാൽ തൃശൂർ

ചാലക്കുടി:മലയിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന കോടശേരി പഞ്ചായത്തിലെ 300ലേറെ വീടുകൾ താമസയോഗ്യമല്ലെന്നും അവശ്യനടപടി സ്വീകരിക്കണമെന്നും തഹസിൽദാരോടു ജിയോളജി വകുപ്പ് നിർദേശിച്ചു. മാർച്ചിൽ അറിയിപ്പു കൈമാറിയെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം നടപടികൾ മുടങ്ങി. കനകമല മുതൽ രണ്ടുകൈ വരെയുള്ള പ്രദേശത്തെ വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനാണു നിർദേശം. കുറ്റിച്ചിറ, കോടശേരി, വെള്ളിക്കുളങ്ങര വില്ലേജ് ഓഫിസർമാർക്കും കോടശേരി പഞ്ചായത്ത് അധികൃതർക്കും ഈ അറിയിപ്പ് ലഭിച്ചിരുന്നു.

ഭീഷണിയുള്ള ഭാഗങ്ങളിൽ പുതിയ നിർമാണം അനുവദിക്കുകയോ പൂർത്തിയായ കെട്ടിടങ്ങൾക്കു നമ്പർ നൽകുകയോ ചെയ്യില്ല. മേട്ടിപ്പാടം, ചന്ദനക്കുന്ന്, ബാലൻപീടിക, പൊന്നാമ്പിയോളി, കോർമല ഭാഗങ്ങളിലുള്ളവരെയാണ് മാറ്റേണ്ടി വരിക. അതേ സമയം, ജിയോളജി വകുപ്പിന്റെ കത്തിൽ മാറ്റിപ്പാർപ്പിക്കേണ്ട പ്രദേശത്തെക്കുറിച്ചു വ്യക്തത ഇല്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ അറിയിച്ചു.

പ്രശ്നമില്ലാത്ത പ്രദേശങ്ങളെ ഒഴിവാക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. പരിശോധന കാര്യക്ഷമമായിരുന്നില്ലെന്നും പരാതിയുണ്ട്. ആശയ വ്യക്തത വരുത്താൻ ജിയോളജി, റവന്യു, പഞ്ചായത്ത്, മണ്ണു പര്യവേഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ചു പരിശോധന നടത്തണമെന്ന് ആവശ്യമുയർന്നു. കുന്നുകളിൽ വൻതോതിൽ വെള്ളം കെട്ടിക്കിടക്കുന്നതാണു ഭീഷണിക്കു കാരണമായി പറയുന്നത്.

2018ൽ ഉരുൾപൊട്ടി മേട്ടിപ്പാടം മാവിൻചുവട്, ചന്ദനക്കുന്ന്, ബാലൻപീടിക ഭാഗങ്ങളിലേക്കു മരങ്ങളും കൂറ്റൻ പാറക്കെട്ടുകളും എത്തിയിരുന്നു. അന്ന് അൻപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ 4 കുടുംബങ്ങൾക്ക് വീടുകളിലേക്കു തിരികെ വരാനായിട്ടില്ല. പാറമടകളിൽ വെള്ളം കെട്ടി നിൽക്കുന്നത് ജനവാസ മേഖലകളിലുള്ളവർക്ക് ഭീഷണിയാണെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു പ്രദേശവാസികളും രംഗത്തെത്തി.

Related Articles

Back to top button