KeralaLatest

ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് വ്യാപനം,ജില്ലയിൽ ആശങ്ക

“Manju”

സിന്ധുമോള്‍ ആർ

പാലക്കാട് : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള പാലക്കാട് സമ്പർക്കത്തിലൂടെ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ആശങ്കയും വെല്ലുവിളിയുമാകുന്നു. കോവിഡ് ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ പതിനാലു പേർ ഉൾപ്പെടെ ഇരുപത്തിയൊന്ന് ആരോഗ്യപ്രവർത്തകരാണ് ഇതിനോടകം രോഗബാധിതരായത്. ആകെ രോഗികളുടെ എണ്ണം 172 ൽ എത്തിയതോടെ ജില്ലാ ആശുപത്രി കോവിഡ് ചികിൽസയ്ക്ക് വേണ്ടി മാത്രം മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

സമ്പർക്കത്തിലൂടെ ഇതിനോടകം 31 പേർക്കു രോഗം ബാധിച്ചെന്നാണു ലഭ്യമായ വിവരം. ഇതിൽ വാളയാറിലുൾപ്പെടെ ജോലി ചെയ്ത ആരോഗ്യപ്രവർത്തകരിൽ രോഗബാധിതരായവർ ഇരുപത്തിയൊന്ന്. കോവിഡ് ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെ 14 പേർക്കും രോഗം പിടിപെട്ടു. സമ്പർക്കത്തിലൂടെ ഓരോ ദിവസവും ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ജില്ലാ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുകയാണ്.

രോഗികളാകുന്ന ഓരോ ആരോഗ്യപ്രവർത്തകരുമായും സമ്പർക്കത്തിലേർപ്പെട്ട മറ്റു ജീവനക്കാർ നിരീക്ഷണത്തിലാകുന്നതാണ് പ്രതിസന്ധി. ജീവനക്കാരുടെ കുറവ് അമിത ജോലിഭാരത്തിലേക്കു നയിക്കുന്നു. കോവിഡ് ജാഗ്രതയിൽ ചെറിയൊരു പിഴവു പോലും രോഗവ്യാപനത്തിനിടയാക്കും. അതിനാൽ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയെത്തുന്ന മറ്റ് രോഗികൾക്കു മറ്റൊരിടത്തു ചികിത്സ ക്രമീകരിക്കണം.

പണി പൂർത്തിയായി വരുന്ന മെഡിക്കൽ കോളജിൽ ക്രമീകരിക്കാൻ ആലോചനയുണ്ടെങ്കിലും വൈകുന്നു. ഉറവിടം കണ്ടെത്താനാകാത്ത അഞ്ചിലധികം കേസുകൾ ജില്ലയിൽ ഉണ്ട് .ഇതിലൊരാൾ ഇന്നലെ രോഗം സ്ഥിരീകരിച്ച ആലത്തൂർ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ മുണ്ടൂർ സ്വദേശിയായ തടവുകാരനാണ്. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് വന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവരാണു രോഗികളിൽ കൂടുതലും.

രോഗികളുടെ എണ്ണം, സമ്പർക്കപട്ടിക എന്നിവ പ്രകാരം ജില്ലയിലെ പകുതിയിലേറെ പഞ്ചായത്തുകൾ ഹോട്സ്പോട്ടുകളായി മാറിയിട്ടുണ്ട്. അമ്പലപ്പാറ, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആക്കി. കൂടാതെ 44 തദ്ദേശ സ്ഥാപനങ്ങളിലായി 78 വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ പ്രകാരമുള്ള കടുത്ത നിയന്ത്രണങ്ങളിലാണ്. അതീവ ജാഗ്രതയും നിയന്ത്രണവും ആവശ്യമാണെന്നു തെളിയിക്കുന്നതാണു കോവിഡ് രോഗികളുടെ വർധന.

Related Articles

Back to top button