IndiaLatest

നവരാത്രി തുടക്കമായി

“Manju”

പയ്യന്നൂര്‍: ഈ വര്‍ഷത്തെ നവരാത്രി ആഘോഷത്തിന് വ്യാഴാഴ്ച തുടക്കമാവും. ഈ മാസം 15ന് വിജയദശമി വരെ നീളുന്ന ആഘോഷത്തിന് രണ്ടാം കോവിഡ് കാലമായ ഈ വര്‍ഷവും നിറപ്പൊലിമ ഉണ്ടാവില്ല. മിക്ക ക്ഷേത്രങ്ങളിലും പേരിനുമാത്രമായിരിക്കും ആഘോഷം. എന്നാല്‍, ദേവീക്ഷേത്രങ്ങളില്‍ നടക്കാറുള്ള ആചാരാനുഷ്ഠാനങ്ങള്‍ മുടക്കമില്ലാതെ നടക്കും.
ഗ്രന്ഥപൂജ, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകള്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ഗ്രന്ഥങ്ങള്‍ ശേഖരിക്കാനും നല്‍കാനും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കണം. പുസ്തകങ്ങള്‍ അണുനാശനത്തിന് നടപടി സ്വീകരിക്കണം. വിദ്യാരംഭം രക്ഷിതാക്കളുടെ മടിയിലിരുത്തി വേണം ചെയ്യാന്‍. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. വാഹനപൂജ, പ്രസാദ വിതരണം തുടങ്ങിയവക്കും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം, കരിവെള്ളൂര്‍ പലിയേരി മൂകാംബിക ക്ഷേത്രം തുടങ്ങി നിരവധി ദേവീക്ഷേത്രങ്ങളിലും ഇതരക്ഷേത്രങ്ങളിലും നവരാത്രി പ്രത്യേക പൂജകളാേടെ നടത്തിവരാറുണ്ട്. വന്‍ ആഘോഷങ്ങളും പതിവാണ്. എന്നാല്‍, ഇക്കുറിയും ആഘോഷപ്പൊലിമയുണ്ടാവില്ല. പെരിങ്ങോം പോത്താങ്കണ്ടം ആനന്ദഭവനത്തില്‍ അധിക ആഘോഷങ്ങളില്ലാതെ ഇക്കുറി നവരാത്രി പരിപാടികള്‍ ഉണ്ടാകുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 6.30ന് സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ ടി.വി. രാജേഷ് നിര്‍വഹിക്കും.

Related Articles

Back to top button