AlappuzhaKeralaLatest

മഹാമാരിയുടെ ഭീതിയിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസവുമായി അധ്യാപകൻ

“Manju”

മാവേലിക്കര- മൂന്ന് മാസക്കാലമായി സ്‌കൂളും കൂട്ടുകാരും അധ്യാപകരുമൊക്ക അന്യമായ അവസ്ഥയിൽ അപ്രതീക്ഷിതമായി സ്വന്തം ക്ലാസ് ടീച്ചറിനെ വീട്ടുമുറ്റത്ത് കണ്ട അക്ഷരക്കും, നേഹക്കും, മുബഷിറിനും, അനുവിന്ദിനും, അജയ്‌ക്കും ഒന്നും യഥാർത്ഥത്തിൽ അത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. മഹാമാരിയുടെ ഭീതിയിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസവുമായാണ് അദ്ധ്യാപകൻ സ്വന്തം ക്ലാസിലെ കുട്ടികളുടെ വീടുകളിലേക്ക് എത്തിയത്.

താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പ്രൈമറി വിഭാഗം അധ്യാപകനായ സുഗതൻ മാഷാണ് തന്‍റെ ക്‌ളാസിലെ നാല്പതോളം കുട്ടികളുടെ വീട്ടിൽ കോവിഡ് പ്രതിരോധത്തിന്‍റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സന്ദർശനം നടത്തിയത്. മഹാമാരിയെ തുടർന്ന് കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കയും ഉല്‍കണ്ഠയും അകറ്റി അവരെ കൂടുതൽ ആത്മവിശ്വാസം ഉള്ളവരാക്കി മാറ്റാനും കോവിഡ് കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുവാൻ അവരെ പ്രേരിപ്പിക്കുന്നതിനുമാണ് മാഷ് കുഞ്ഞുങ്ങളുടെ വീടുകളിലേക്ക് എത്തിയത്. ഒൺലൈൻ പഠനം തുടങ്ങിയെങ്കിലും സുഗതൻ മാഷിന്‍റെ ക്ലാസിലെ പതിനഞ്ച് പേർക്ക് മാത്രമാണ് ഇന്‍റർനെറ്റ്‌ സൗകര്യം ഉള്ള ഫോണുകൾ ഉള്ളതെന്ന് അദ്ദേഹത്തിന്‍റെ സന്ദശനത്തിലൂടെ ബോധ്യപ്പെട്ടു. എന്നാൽ ഈ സൗകര്യങ്ങൾ ഒന്നുമില്ലാതെ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന തീർത്തും നിസ്സഹായരായ ഇരുപത്തഞ്ച് വിദ്യാർത്ഥികൾ ഉണ്ടെന്ന് ഗൃഹസന്ദർശനത്തിലൂടെ അദ്ദേഹം കണ്ടെത്തി. ഈ കുട്ടികൾക്ക് പാഠ്യ പ്രവർത്തനങ്ങൾ പറഞ്ഞു കൊടുക്കുകയാണ് ഇപ്പോൾ ഇദ്ദേഹം.

ഒരോ വീടുകളിലും കൈയ്യും വീശി കയറിചെന്ന് ആശ്വാസവാക്കുകൾ പറഞ്ഞു മടങ്ങുകയല്ല ഈ അദ്ധ്യാപകൻ. കോവിഡിനെ പ്രതിരോധിക്കുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും വീട്ടിലുള്ളവർക്കെല്ലാം കഴുകി ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുള്ള മാസ്കുകളും സാനിറ്റൈസറും മാഷ് നൽകുന്നുണ്ട്. വരാൻ പോകുന്ന ഭക്ഷ്യ ക്ഷാമത്തെ മുൻകൂട്ടി കണ്ട് ഓരോ കുഞ്ഞുങ്ങളേയും കുട്ടികർഷകരാക്കാനുള്ള കരുതലോടെ പച്ചക്കറി വിത്തുകളും പരിപാലിക്കേണ്ട രീതികൾ അടങ്ങുന്ന ലഘുലേഖയും അദ്ദേഹം വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഒപ്പം ഊർജ സംരക്ഷണത്തിന്‍റെ ബോധവൽക്കരണ ബ്രോഷറും വീട്ടുകാർക്കായി നൽകി. ഇത് കൂടാതെ പഠത്തിന് സഹായകരമായി ഓരോ ഡിക്ഷനറിയും നോട്ട് ബുക്കുകളും കൊടുത്ത ശേഷമായിരുന്നു മാഷിന്‍റെ മടക്കം.

സാമൂഹ്യ സേവന പ്രവർത്തനം ജീവിതചര്യയാക്കിയ ഈ മാഷ് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷക്കെത്തിയ സ്കൂളിലെ നാനൂറോളം കുട്ടികൾക്ക് മാസ്ക് വിതരണം ചെയ്തിരുന്നു. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഇദ്ദേഹത്തിന് കഴിഞ്ഞ വർഷത്തെ വനമിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. അധ്യാപക അവാർഡ് ജേതാവ് കൂടിയാണ് സുഗതൻ മാഷ്. ക്ലാസിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കാൻ ഇറങ്ങിത്തിരിച്ച മാഷിനൊപ്പം സ്കൂളിലെ പി.റ്റി.എ പ്രസിഡന്‍റ് എം.എസ് സലാമത്ത്, സീനിയർ അദ്ധ്യാപിക സഫീന ബീവി, പി.റ്റി.എ സെക്രട്ടറി സജി.കെ വർഗീസ്, പൊതുപ്രവർത്തകനായ ഫസൽ അലിഖാൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

Related Articles

Back to top button