KeralaLatest

ആനയെ ഇറക്കി ആളാകാനുള്ള പരിപാടി ഇനി നടക്കില്ലെന്നു വനംവകുപ്പ്

“Manju”

തിരുവനന്തപുരം • ഉത്സവക്കമ്മിറ്റിക്കു വലുപ്പം കൂടിയാലും ഉത്സവത്തിന് ഇനി അധികം ആനയെ ഇറക്കാൻ കഴിയില്ല. നിലവിലുള്ളതല്ലാതെ പുതിയ പൂരങ്ങൾക്കും ആനയെ ഉപയോഗിക്കാനാകില്ല. കല്യാണത്തിനു വരനെ സ്വീകരിക്കാനും കട ഉദ്ഘാടനത്തിനുമൊക്കെ ആനയെ ഇറക്കി ആളാകാനുള്ള പരിപാടി ഇനി നടക്കില്ലെന്നു വനംവകുപ്പ്. സുപ്രീംകോടതി നിർദേശപ്രകാരമാണു തീരുമാനം.

കേരളത്തിൽ ആനയെ ഉത്സവത്തിനും മറ്റു ചടങ്ങുകൾക്കും എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളുടെ കണക്കെടുപ്പു പൂർത്തിയായി. 3300 ക്ഷേത്രങ്ങളേ ആനയെ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതിനു റജിസ്റ്റർ െചയ്തിട്ടുള്ളൂ. ഓരോ ജില്ലയിലും ആനയെ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതും ഇതുവരെ റജിസ്റ്റർ ചെയ്യാത്തതുമായ ക്ഷേത്രങ്ങൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോൾ 2800 അപേക്ഷകളാണു കിട്ടിയത്.

ഇവ കലക്ടർ ചെയർമാനായ ജില്ലാ ഫെസ്റ്റിവൽ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ചു വനംവകുപ്പിനു റിപ്പോർട്ട് ചെയ്യും. നേരത്തേ റജിസ്റ്റർ ചെയ്ത ക്ഷേത്രങ്ങളിലും ആനയെ ഉപയോഗിച്ചിട്ടും റജിസ്റ്റർ ചെയ്യാതിരുന്ന ക്ഷേത്രങ്ങളിലും 2012ൽ ഏതൊക്കെ ചടങ്ങുകൾക്ക് എത്ര ആനയെ ഉപയോഗിച്ചോ അത്രയും ആനകളെ മാത്രമേ ഇനി ഉപയോഗിക്കാൻ അനുമതിയുള്ളൂ. ക്ഷേത്രങ്ങളിലെ രേഖകൾ പരിശോധിച്ച് 2012ൽ ആനയെ ഉപയോഗിച്ച ചടങ്ങുണ്ടായിരുന്നോ, എത്ര ആനയുണ്ട് എന്നതൊക്കെ കൃത്യമാക്കിയ ശേഷമാകും ഫെസ്റ്റിവൽ മോണിറ്ററിങ് കമ്മിറ്റി അന്തിമ അനുമതി നൽകുക. 2012ലാണ് കേരള നാട്ടാന പരിപാലന നിയമം നിലവിൽ വന്നത്.

കേരളത്തിൽ ദേവസ്വം ബോർഡുകളുടെ കീഴിൽ 15,000 ക്ഷേത്രങ്ങളുണ്ടെന്നാണു കണക്ക്. മറ്റെല്ലാം കൂടി ഒരു ലക്ഷത്തോളവും. കേരളത്തിൽ നിലവിൽ 490 ആനകളുണ്ട്. ആനക്കച്ചവടം നിരോധിച്ചതിനാൽ ആനകളുടെ വിൽപനയും വാങ്ങലും നിയമപ്രകാരം നടക്കുന്നില്ല. ഇതരസംസ്ഥാനങ്ങളിൽനിന്ന് ആനയെ കൊണ്ടുവരുന്നതും നിരോധിച്ചതോടെ നിലവിൽ ഉള്ള ആനകൾക്കു ജോലിക്കൂടുതലുമാണ്.

Related Articles

Back to top button