KeralaLatestThiruvananthapuram

കൊവിഡ് ബാധിച്ച വഞ്ചിയൂര്‍ സ്വദേശിയുമായി സമ്പര്‍ക്കം, ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 35 പേര്‍ ക്വറന്‍റൈനില്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : കൊവിഡ് ബാധിച്ച്‌ വഞ്ചിയൂര്‍ സ്വദേശി രമേശന്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും ഉള്‍പ്പെടെ 35 ഒാളം പേരെ ക്വാറന്റൈനിലാക്കി. ഇയാളുടെ വീട്ടുകാരെ കൂടാതെ ജനറല്‍ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ആരോഗ്യപ്രവര്‍ത്തകര്‍, വഞ്ചിയൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍, രമേശന്റെ ഭാര്യ ജോലി നോക്കുന്ന പേട്ട കെപ്കോ ഔട്ട് ലെറ്റിലെ സഹപ്രവര്‍ത്തകര്‍ എന്നിവരെയാണ് ക്വാറന്റൈനിലേക്ക് മാറ്റിയത്. രമേശന്റെ ഭാര്യ, രണ്ട് മക്കള്‍, മരുമകള്‍, ആറുമാസം പ്രായമുള്ള കുട്ടി, ഇയാളുടെ സഹോദരന്‍ എന്നിവര്‍ ക്വറന്‍റൈനിലുണ്ട്. കുഞ്ഞും അമ്മയും വീട്ടിലും മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയിലുമാണ്.

രമേശനെ കിടത്തി ചികിത്സിച്ച ജനറല്‍ ആശുപത്രിയിലെ 11 പേരാണ് നിരീക്ഷണത്തില്‍ പോയത്. ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, നാല് ഹൗസ് സര്‍ജന്‍, മൂന്ന് സ്റ്റാഫ് നഴ്സ്, ഇ.സി.ജി ഓപ്പറേറ്റര്‍, ഡ്രൈവര്‍, അറ്റന്‍ഡര്‍ (ഓരോരുത്തര്‍ വീതം), വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ മകന്റെ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തിയ മൂന്നു പൊലീസുകാരുമാണ് നിരീക്ഷണത്തിലുള്ളത്. രമേശന്റെ ഭാര്യ കെപ്കോ മീറ്റ് പ്രോസസിംഗ് യൂണിറ്റിലെ ജീവനക്കാരിയാണ്. ഇവര്‍ കഴിഞ്ഞമാസം 28 മുതല്‍ ജോലിക്ക് എത്തിയിരുന്നില്ല. എന്നാല്‍ അടുത്തദിവസങ്ങളിലായി രമേശന്റെ രോഗവിവരം തിരക്കി 12 ജീവനക്കാര്‍ ഇവരുടെ വീട്ടിലെത്തി. ഇവരെയാണ് കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജില്‍ ഇയാളെ എത്തിച്ചെങ്കിലും നേരെ കൊവിഡ് ഒ.പിയിലേക്ക് മാറ്റിയെന്നാണ് വിവരം. ഇവിടെ ഡോക്ടര്‍മാര്‍ ആരും നിരീക്ഷണത്തില്‍ പോയിട്ടില്ലെന്നും മൂന്നു മറ്റു ജീവനക്കാരെ മാറ്റിയെന്നുമാണ് വിവരം. തുടര്‍ച്ചയായി വീഴ്ചകള്‍ ഉണ്ടായതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ജീവനക്കാരുടെ ക്വാറന്റൈന്‍ സംബന്ധിച്ച വിവരങ്ങള്‍ പോലും പുറത്തുവിട്ടില്ല.
അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ രമേശന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ വൈകിട്ട് 5.30ന് തൈക്കാട് ശാന്തികവാടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംസ്കാരം നടത്തിയത്.

Related Articles

Back to top button