KannurKeralaLatest

അരവയർ നിറയ്ക്കാൻ മോഷണം; അമ്മയെ കാണാൻ ജയിൽചാട്ടം:ഒടുവിൽ മംഗളയാത്ര

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂർ: മംഗളയിലെ മടക്കയാത്രയ്ക്ക് അജയ്കുമാറിന് മംഗളം നേരുമ്പോൾ കാക്കിയിട്ടവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. ജയിൽ ചാടി തങ്ങൾക്ക് സസ്പെൻഷൻ കിട്ടാൻ കാരണമായ പ്രതിയെ ജയിൽ വകുപ്പ് യാത്രയാക്കിയത് പുത്തനുടുപ്പും പോക്കറ്റ് മണിയും നൽകിയാണ്. യാത്രയിൽ കഴിക്കാൻ കണ്ണൂരിന്റെ സ്നേഹം നിറച്ച്, വീട്ടിൽ തയാറാക്കിയ ഭക്ഷണവും. മടങ്ങാനിഷ്ടമില്ലാതെ പ്രതിയും സങ്കടത്തോടെ ജയിൽ അധികൃതരും സഹതടവുകാരും അവനെ നാട്ടിലേക്ക് യാത്രയാക്കി.

വിശപ്പുമാറ്റാൻ 600 രൂപ മോഷ്ടിച്ചതിനു ജയിലിലായ യുപി സ്വദേശി അജയ്കുമാർ വീണ്ടും പിടിയിലായത് അമ്മയെ കാണാനായി ജയിൽ ചാടിയപ്പോഴാണ്. ഇന്നലെ വൈകിട്ട് മംഗള എക്സ്പ്രസിലാണ് കണ്ണൂരിൽനിന്നു യുപിയിലെ ഝാൻസിയിലേക്കു മടങ്ങിയത്. ബന്ധുക്കൾ ജാമ്യത്തുക കെട്ടിവച്ചതോടെ കാസർകോട്ടെ മോഷണക്കേസിലും, സ്വന്തം ജാമ്യത്തിൽ കണ്ണൂരിലെ ജയിൽ ചാട്ടക്കേസിലും ജാമ്യം ലഭിച്ചിരുന്നു.

ജോലി തേടി നാട്ടിലെത്തിയ യുപി സ്വദേശി അജയ്കുമാർ കാസർകോട്ടെ ഹോട്ടലിൽ ജോലി ചെയ്തെങ്കിലും കൂലി കിട്ടാതിരുന്നതോടെയാണ് ആദ്യം യാചകനും പിന്നീട് മോഷ്ടാവുമായത്. ജയിൽ അധികൃതർ ഇടപെട്ടാണ് വീട്ടുകാരെ കണ്ടെത്താനും ജാമ്യം ലഭിക്കാനും വഴിയൊരുക്കിയത്. ജയിൽ അധികൃതർ തന്നെ ടിക്കറ്റെടുത്തു നൽകി.
ട്രെയിനിൽ കണ്ട ഡൽഹിയിലേക്കു പോകുന്ന സൈനികനെ താൽക്കാലിക കെയർ ടേക്കറായി ചുമതല ഏൽപിച്ചു. നാളെ രാവിലെ ട്രെയിൻ ഉത്തർപ്രദേശിലെത്തും. അവിടെ എത്തുമ്പോൾ ഝാൻസിയിൽ സഹോദരീ ഭർത്താവ് എത്തി കൂട്ടിക്കൊണ്ടുപോകും. എത്തുന്ന ഉടൻ ചിത്രങ്ങൾ അയച്ചു നൽകണമെന്ന് സൈനികനോടും ബന്ധുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷിതമായി എത്തിച്ചേരുമെന്ന് ഉറപ്പാക്കാൻ റെയിൽവേ പൊലീസ് വഴിയും ഉത്തർപ്രദേശിലെ ലോക്കൽ പൊലീസ് വഴിയും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് ടി.കെ.ജനാർദനൻ പറഞ്ഞു.

 

Related Articles

Back to top button