IndiaLatest

സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇതു സംബന്ധിച്ച്‌ ഇരു രാജ്യങ്ങളും ധാരണയായി. കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് അതിര്‍ത്തിയില്‍ നിന്ന് പിന്മാറാനുള്ള ധാരണയായത്. സൈനിക പിന്മാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു.

കോര്‍ കമാന്‍‌ഡര്‍ തലത്തിലുള്ള ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോള്‍ഡോയിലാണ് ചര്‍ച്ച നടന്നത്. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിപ്പിക്കാനുള്ള ധാരണയുമായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കി. ഇതു രണ്ടാം തവണയാണ് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കമാന്‍ഡര്‍ റാങ്കിലുള്ളവര്‍ ചര്‍ച്ച നടത്തുന്നത്. ജൂണ്‍ ആറിനായിരുന്നു ആദ്യ ചര്‍ച്ച നടന്നത്.
ലേ ആസ്ഥാനമായുള്ള കോര്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്നും തമ്മിലായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇന്നലെ പകല്‍ 11.30ന് ആരംഭിച്ച ചര്‍ച്ച 12 മണിക്കൂറാണ് നീണ്ടത്. ചര്‍ച്ച ഇന്നും തുടര്‍ന്നേക്കുമെന്ന സൂചന ഉണ്ടായിരുന്നു. അതിനിടെയാണ് ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ നിന്ന് പിന്മാറുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഇരു രാജ്യങ്ങളും നടത്തിയിട്ടില്ല.
ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് സര്‍വ സ്വാതന്ത്ര്യവും കേന്ദ്രം നല്‍കിയിരുന്നു. യുദ്ധവിമാനങ്ങളടക്കം എത്തിച്ച്‌ അതിര്‍ത്തിയില്‍ സര്‍വസജ്ജമായാണ് ചൈനയെ നേരിടാനായി ഇന്ത്യ നിന്നത്. പര്‍വത നിരകളില്‍ പരിശീലനം ലഭിച്ച പ്രത്യേക സൈനികരെയും ഇന്ത്യ ഇതിനായി രംഗത്തിറക്കിയിരുന്നു. ഇത്തരത്തില്‍ ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് അതിര്‍ത്തിയില്‍ നിന്ന് പിന്മാറാന്‍ ചൈന തയ്യാറാകുന്നത്. രാജ്യത്തിന്റെ സൈനിക-നയതന്ത്ര ബലമായി ഇത് ഉയര്‍ത്തികാട്ടാനായിരിക്കും കേന്ദ്രസര്‍ക്കാര്‍ ശ്രമം.

Related Articles

Check Also
Close
Back to top button