KeralaLatest

വൈദികന്റെ മരണം: സിസിടിവി ക്യാമറ ഓഫായി കിടന്നത് അന്വേഷിക്കുമെന്ന് പൊലീസ്

“Manju”

 

കോട്ടയം • പള്ളി വളപ്പിലെ കിണറ്റിൽ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയ‌ിലിനെ (52) തിങ്കളാഴ്ചയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. മുങ്ങി മരണമാണെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. രണ്ടാഴ്ച മുൻപ് പള്ളി കോംപൗണ്ടിൽ ഉണ്ടായ തീപിടിത്തം ഫാ. ജോർജിന് മാനസിക ക്ലേശം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതു മരണ കാരണം ആയേക്കാമെന്നും പൊലീസ് സംശയിക്കുന്നു.

ഫാ. ജോർജിനെ കാണാതായ ദിവസമായ ഞായറാഴ്ച പള്ളിയിലെ സിസിടിവി ക്യാമറ ഓഫ് ചെയ്ത നിലയിൽ കണ്ടെത്തിയതും അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഫാ. ജോർജിന്റെ സംസ്കാരം ഇന്നലെ മാതൃ ഇടവകയായ മങ്കൊമ്പ് തെക്കേക്കര സെന്റ് ജോൺസ് പള്ളിയിൽ നടന്നു. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലായിരുന്നു ശുശ്രൂഷകൾ.

അതിരൂപതാ വികാരി ജനറൽ ഫാ. തോമസ് പാടിയത്ത്, ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ചാൻസലർ ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റർ ചെറിയാൻ കാരിക്കൊമ്പിൽ, ഇടവക വികാരി ഫാ. ജോഷി പുത്തൻപുര തുടങ്ങിയവർ സഹകാർമികരായിരുന്നു. ഷിക്കാഗോ രൂപതാ അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ അനുശോചന സന്ദേശം വായിച്ചു. ഫാ. ജോർജ് എട്ടുപറയിൽ 5 വർഷത്തോളം ഷിക്കാഗോ രൂപതയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, തോമസ് ചാഴികാടൻ, ഡോ. കെ.സി.ജോസഫ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

Related Articles

Back to top button