InternationalLatest

ഒക്ടോബറോടെ കൊവിഡ് വാക്‌സിന്‍ വിപണിയിലെത്തും

“Manju”

ശ്രീജ.എസ്

ലണ്ടന്‍: നേരത്തെ പ്രതീക്ഷിച്ചതിലും ഒരു മാസം മുന്‍പു തന്നെ കൊവിഡ് വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്ന് ഗവേഷകര്‍. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകസംഘം വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചുവെന്നും ഒക്ടോബറില്‍ വിപണിയിലിറക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ അറിയിച്ചു.

ബ്രസീലില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ ഈ വാക്‌സിന്‍ പരീക്ഷിച്ചതായാണ് ഗവേഷകര്‍ അറിയിക്കുന്നത്. നേരത്തെ വാക്‌സിന്‍ നവംബറിലാണ് വിപണിയിലെത്തുക എന്നാണ് പറഞ്ഞിരുന്നത്.
‘ചിമ്പാന്‍സികളിലാണ് ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഇതിന് ശേഷം അനുമതിയോടുകൂടി മനുഷ്യരിലേക്കും പരീക്ഷണം വ്യാപിപ്പിച്ചു. അതിലും വിജയം കാണാനായി. ഓഗസ്‌റ്റോടുകൂടി കൂടുതല്‍ സ്ഥിരീകരണങ്ങളിലേക്ക് നമുക്കെത്താനാകും. അങ്ങനെയെങ്കില്‍ ഒക്ടോബറില്‍ തന്നെ വാക്‌സിന്‍ വിപണിയിലിറക്കാമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്.’ വാക്‌സിന്‍ വികസിപ്പിച്ച ഗവേഷക സംഘത്തെ നയിച്ച പ്രൊഫസര്‍ അഡ്രിയാന്‍ ഹില്‍സ് പറയുന്നു.

ഇന്ത്യയിലും വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. കുരങ്ങുകളില്‍ വാക്‌സിന്‍ പരീക്ഷണം നടത്താനുള്ള പുറപ്പാടിലാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകസംഘം. ഇതിനായി സര്‍ക്കാരില്‍ നിന്ന് ഇവര്‍ അനുമതി വാങ്ങി. നവംബറോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാമെന്നും ആയിരം രൂപക്ക് ലഭ്യമാക്കുമെന്നും വാക്‌സിന്‍ പരീക്ഷണം നടത്തുന്ന പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടും അറിയിച്ചിരുന്നു.

വാക്‌സിന്‍ വിപണിയിലെത്തിയാലും അതിന്റെ വിതരണം സംബന്ധിച്ച്‌ ആശങ്കകള്‍ ഉയരുന്നുണ്ട്. കോടിക്കണക്കിനു വാക്‌സിന്‍ സമയബന്ധിതമായി നിര്‍മിക്കുകയും സൂക്ഷിക്കുകയും എല്ലാവരിലും എത്തിക്കുകയും ചെയ്യുക എന്നത് വാക്‌സിന്‍ നിര്‍മിച്ചതു പോലെ തന്നെ ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാര്യമാണെന്നും ഗവേഷകര്‍ പറയുന്നു.

Related Articles

Back to top button