KeralaLatestThrissur

അനുഭവിച്ചറിഞ്ഞിട്ടും പഠിക്കാതെ, പ്രളയത്തില്‍ മുങ്ങിയ നിലം നികത്തി കെട്ടിട നിര്‍മ്മാണം

“Manju”

സിന്ധുമോള്‍ ആര്‍

 

തൃശൂര്‍: കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുമുണ്ടായ പ്രളയത്തില്‍ മുങ്ങിയ പാടത്ത് നിലം നികത്തി കെട്ടിട നിര്‍മ്മാണത്തിന് നീക്കം. ചെറുതുരുത്തി പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കിള്ളിമംഗലം അങ്ങാടിപ്പാടം പാടശേഖരത്തില്‍പ്പെട്ട സ്ഥലത്താണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിലം പുരയിടമാക്കി പെട്രോള്‍ പമ്പിനെന്ന പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.

2018 ലെ പ്രളയത്തില്‍ ഇതേ സ്ഥലത്ത് ഒരു കാറും പെട്ടി ഓട്ടോയും ഒഴുകി പോയിരുന്നു. നാട്ടുകാര്‍ അറിഞ്ഞതു കൊണ്ടു മാത്രമാണ് അന്ന് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബം രക്ഷപ്പെട്ടത്. ബിടിആര്‍ രേഖകളില്‍ നിലമായി കിടന്നിരുന്ന സ്ഥലം പഞ്ചായത്ത് പ്രാദേശിക നിരീക്ഷണ സമിതിയുടെ ഒത്താശയോടെ പുരയിടമാക്കി കൊടുത്താണ് പെട്രോള്‍ പമ്പിനായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതെന്നും ആരോപണമുണ്ട്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടാതെ പോയ ഭൂമികളെ (നിലങ്ങളെ) അവ കൃഷിയോഗ്യമായതാണങ്കില്‍ അത്തരം ഭൂമികളെ ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തണമെന്ന് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 2017ലെ ഉത്തരവും, ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ കൂടി കൃഷി ചെയ്യാന്‍ അനുകൂലമായ ഭൂമിയാണെങ്കില്‍ അത്തരം ഭൂമികള്‍ കൃഷിയോഗ്യമാക്കണം എന്ന ഹൈക്കോടതിയുടെ മറ്റൊരു ഉത്തരവും നിലനില്‍ക്കുന്നുണ്ട്. ഉത്തരവ് നിലനില്‍ക്കേയാണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് അധികൃതര്‍ കൂട്ടു നില്‍ക്കുന്നത്. കണ്‍മുന്നില്‍ അടിക്കടി രണ്ട് പ്രകൃതി ദുരന്തങ്ങളുണ്ടായിട്ടും നീരോഴുക്ക് തടസപ്പെടുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button