IndiaLatest

വനിതകള്‍ക്ക് എന്‍ഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കും; കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി : നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും(എന്‍ഡിഎ) നേവല്‍ അക്കാദമിയിലും വനിതകള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. സൈനിക വിഭാഗത്തിലെ ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സേനയാണ് നിര്‍ണായക തീരുമാനം സ്വീകരിച്ചത്. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ചരിത്രപരമായ തീരുമാനത്തെ സ്വാഗതം ചെയ്ത കോടതി വനിതകളുടെ പ്രവേശനത്തിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു.

പ്രതിരോധ സേനയില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കാനും തീരുമാനമായതായി കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. സമൂഹത്തിലുള്ള സ്ത്രീകളുടെ നിര്‍ണായക പങ്കിനെ പ്രതിരോധ സേന വിലമതിക്കുന്നുണ്ടെന്നും ലിംഗവിവേചനം പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഈ തീരുമാനം ചരിത്രപരമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

കമ്മീഷന്‍ നടത്തുന്ന എഴുത്തുപരീക്ഷയിലെ പ്രകടനത്തിന്റെയും സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ ഇന്റലിജന്‍സ്, പേഴ്‌സണാലിറ്റി ടെസ്റ്റുകളുടേയും അടിസ്ഥാനത്തിലാകും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. എന്നാല്‍ ഈ വര്‍ഷം പുതിയ ബാച്ചിന് പ്രവേശനം നല്‍കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ വനിതകളുടെ പ്രവേശനത്തിന് മാര്‍ഗരേഖ തയ്യാറാക്കിയിട്ടില്ല. അത് തയ്യാറാക്കാന്‍ സമയം ആവശ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം ഒരു ദിവസം കൊണ്ട് പരിഷ്‌കാരങ്ങള്‍ ഉണ്ടാകില്ലെന്നും സൈനിക വിഭാഗത്തില്‍ ലിംഗ നീതി ഉറപ്പാക്കുന്നതില്‍ സന്തോഷമുണ്ടെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button