KeralaLatestThiruvananthapuram

തലസ്ഥാനത്തെ കണ്ടെയ്ൻമെന്‍റ് സോണുകളിലെ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി

“Manju”

തിരുവനന്തപുരം • ഉറവിടം അറിയാത്ത രോഗികൾ വർധിക്കുന്ന തലസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി. ആറ്റുകാൽ , കുര്യാത്തി , കളിപ്പാൻകുളം , മണക്കാട് , തൃക്കണ്ണാപുരം ടഗോർ റോഡ്, മുട്ടത്തറ പുത്തൻപാലം എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളാണ് നീട്ടിയത്. ഈ പ്രദേശങ്ങളിൽ അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ ആരും പുറത്തിറങ്ങരുതെന്നു കലക്ടർ നവജ്യോത് ഖോസ അറിയിച്ചു. കോവിഡ് ബാധിച്ച എആർ ക്യാംപിലെ പൊലീസുകാരനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 28 പൊലീസുകാരെ ക്വാറന്റീനിലാക്കി.

കണ്ടെയ്ൻമെന്റ് സോണുകളിലും അതീവ ജാഗ്രത നിർദേശമുള്ള സ്ഥലങ്ങളിലും പൊലീസ് പരിശോധന കർശനമാക്കി. പകലും വാഹന നിയന്ത്രണം കുറയ്ക്കാനായി പരിശോധനകൾ നടത്തും. ആൾക്കൂട്ടവും കടകളിലെ സാമൂഹിക അകല ലംഘനത്തിനും എതിരെ കർശന നടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അത്യാവശ്യത്തിനു പുറത്തിങ്ങുന്നവർ യാത്രയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി ട്രിപ്പ് ഡയറി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

നന്ദാവനം എആർ ക്യാംപ്, പരുത്തിക്കുഴി, പൂന്തൂറ പ്രദേശങ്ങൾ മേയർ കെ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. പരുത്തിക്കുഴി സ്വദേശിക്കും , നന്ദാവനം എ.ആർ.ക്യാംപിലെ പൊലീസുകാരനും വെള്ളിയാഴ്ച കോവിഡ് സ്ഥീകരിച്ച സാഹചര്യത്തിലായിരുന്നു അണു നശീകരണം. കോർപറേഷന്റെ ജെറ്റർ , പവർ സ്പ്രെയർ സംവിധാനങ്ങൾ ഉപയോഗിച്ച് എമർജൻസി റെസ്പോൺസ് സംഘമാണ് പ്രദേശങ്ങൾ അണുവിമുക്തമാക്കിയത്.

Related Articles

Back to top button