KeralaLatest

ഗൗരിയമ്മയ്ക്ക് നാളെ 102 -ാം പിറന്നാള്‍

“Manju”

ശ്രീജ.എസ്

 

ആലപ്പുഴ: കേരളത്തിന്‍റെ വിപ്ലവ നായിക കെ.ആര്‍. ഗൗരിയമ്മയുടെ പിറന്നാളിന് ഇക്കുറി ആളും, ആരവവുമുണ്ടാകില്ല. കണ്ണനെ കണ്ട് ഉണരണം, കേക്ക് മുറിക്കും, അമ്പലപ്പുഴ പാല്‍പ്പായസം കൂട്ടി സദ്യ കഴിക്കണം ഇതാണ് തന്‍റെ ആഗ്രഹം. ഇത്തവണത്തെ പിറന്നാളിനും വേറെ എന്താണ് താന്‍ ആഗ്രഹിക്കേണ്ടതെന്നായിരുന്നു പിറന്നാളിനെക്കുറിച്ച്‌ ചോദിച്ചപ്പോഴുള്ള കെ.ആര്‍. ഗൗരിയമ്മയുടെ പ്രതികരണം. മിഥുന മാസത്തിലെ തിരുവോണത്തിനാണ് ജന്മദിനം. 1919 ലായിരുന്നു ജനനം. അങ്ങനെ നോക്കിയാല്‍ 102 ലേക്കാണ്.

ആഘോഷങ്ങളില്‍ വലിയ തല്‍പ്പര അല്ലെങ്കിലും അതിഥി സല്‍ക്കാരത്തില്‍ ഗൗരിയമ്മ പിന്നിലല്ല. പിറന്നാളിന് പ്രത്യേകിച്ച്‌ ആരെയും ക്ഷണിക്കാറില്ലെങ്കിലും രാഷ്ട്രീയത്തിനതീതമായി വലിയ ജനപങ്കാളിത്തം ഉണ്ടാകാറുണ്ട്. ഏല്ലാവര്‍ക്കും സദ്യ നല്‍കിയേ വിടാറുള്ളൂ. വീട്ടമ്മയെ പോലെ എല്ലാവരുടെയും അടുത്തെത്തി സദ്യ എങ്ങനെ എന്നുള്ള അന്വേഷണം. ഏല്ലാവരെയും പേരെടുത്ത് വിളിക്കാന്‍ കഴിയുന്ന ആത്മബന്ധം ഗൗരിയമ്മയ്ക്ക് മാത്രം സ്വന്തം. കര്‍ക്കശക്കാരി ആണെങ്കിലും രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്ന നേതാവാണ് ഗൗരിയമ്മ.

തന്റെ പ്രായത്തെ ഓര്‍ത്ത് നിങ്ങളാരും വിഷമിക്കേണ്ടേ എന്ന പല്ലവി ശരിയാണെന്ന് കഴിഞ്ഞ ദിവസം ഗൗരിയമ്മ തെളിയിച്ചു. താന്‍ പ്രഖ്യാപിച്ച തീരുമാനത്തിന് വിരുദ്ധമായി ജെഎസ്‌എസ് പാര്‍ട്ടി സെന്‍റര്‍ യോഗമെടുത്ത തീരുമാനങ്ങള്‍ ഗൗരിയമ്മ റദ്ദ് ചെയ്തതോടെ ശാരീരിക പ്രയാസങ്ങളെ തനിക്കുള്ളുവെന്നും, മനസിനും ഓര്‍മ്മയ്ക്കും ഒരു കുഴപ്പവുമില്ലെന്ന് അവര്‍ വ്യക്തമാക്കി. അതാണ് ഗൗരിയമ്മ. വീട്ടിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടെങ്കിലും എല്ലാ കാര്യങ്ങളും ഗൗരിയമ്മ അറിയുന്നു. നാടിന്‍റെ പ്രശ്‌നങ്ങള്‍, സമകാലിക രാഷ്ട്രീയം, പൊതു പ്രശനങ്ങളെല്ലാം. നൂറ്റിരണ്ടിലേക്ക് പദമൂന്നുന്ന നാടിന്‍റെ അഭിമാന മനസിന് യൗവനത്തിന്‍റെ ചുറുചുറുക്കാണ്. ആ മുഖത്ത് തെളിയുന്ന പുഞ്ചിരിയെ കാലം ഏറെ മുന്നോട്ട് നയിക്കണമേയെന്നാണ് ഗൗരിയമ്മയെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന.

 

Related Articles

Back to top button