KeralaLatestThiruvananthapuram

ജാക്കി വച്ച്‌ വീട് ഉയര്‍ത്താം

“Manju”

ശ്രീജ.എസ്

 

വെമ്പായം: വീടിന്റെ ഉയരം കൂട്ടുന്നതിന് ഇരുനില വീട് അപ്പാടെ ജാക്കി വെച്ചുയര്‍ത്തിയാലോ. നെടുമങ്ങാട് പറണ്ടോട് തെക്കുംകരയില്‍ വിനോദിന്റെ വീടാണ് 250 ലധികം ജാക്കികള്‍ വച്ച്‌ ഉയര്‍ത്തുന്നത്. കഴിഞ്ഞ പ്രളയകാലത്തു വെള്ളം കയറി വീടിന് ഏറെ നാശം സംഭവിച്ചിരുന്നു. അടുത്ത മഴയ്ക്കു് മുമ്പ് പ്രശനം എങ്ങനെ പരിഹരിക്കുമെന്ന അന്വേഷണത്തിനൊടുവിലാണ് ജാക്കി വച്ചുയര്‍ത്തി വീടിന്റെ ഉയരം കൂട്ടാം എന്ന തീരുമാനത്തിലെത്തിയത്.

ഇതിനായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭൂമി ഹൗസ് ലിഫ്റ്റിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയാണ് മുന്നോട്ടുവന്നത്. കമ്പനി ഉടമ ഷിബുവും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഈ കഠിന പരിശ്രമത്തിനു പിന്നില്‍. 1100-സ്‌ക്വയര്‍ ഫീറ്റുള്ള ഇരുനില വീടാണ് ആറടിപ്പൊക്കത്തില്‍ ഉയര്‍ത്തുന്നത്.

അടിസ്ഥാനത്തിനു തൊട്ടടുത്തു വച്ച്‌ ചുവരുകള്‍ അറുത്തുമാറ്റി. തുടര്‍ന്ന് ജാക്കികള്‍ വച്ച്‌ നാലുഭാഗവും ഒരുപോലെ ഉയര്‍ത്തും. ഓരോ അടി പൊക്കുന്നതിനനുസരിച്ച്‌ കല്ലുകെട്ടും. അങ്ങനെ പടിപടിയായാണ് വീട് ഉയര്‍ത്തുന്നത്.
വിനോദും കുടുംബവും തല്‍ക്കാലത്തേയ്ക്ക് മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ അടിസ്ഥാനത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കി പൊക്കമുള്ള വീട്ടിലേയ്ക്ക് മാറാന്‍ കഴിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. എത്ര പഴക്കമുള്ള കെട്ടിടങ്ങള്‍ ആണെങ്കിലും ജാക്കികള്‍ വെച്ചുയര്‍ത്തി ഉയരം കൂട്ടാമെന്നാണ് ഭൂമി ഹൗസ് ലിഫ്റ്റിംഗ് ഉടമ ഷിബു പറഞ്ഞത്.

Related Articles

Back to top button