IndiaLatest

സുശാന്തിനെ നാല് സിനിമകളിൽ നിന്ന് ഒഴിവാക്കിയിരുന്നു: സഞ്ജയ് ലീല ബൻസാലി

“Manju”

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളമാണ് അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തത്. സഞ്ജയ് ലീല ബൻസാലിയുടെ സിനിമകളിൽ നിന്ന് ഒഴിവാക്കിയത് സുശാന്തിനു സമ്മർദ്ദമുണ്ടാക്കി എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തത്

ബൻസാലിയുടെ ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കാനുള്ള കാരണമാണ് പ്രധാനമായും പൊലീസ് ചോദിച്ചറിഞ്ഞത്. തൻ്റെ നാലു സിനിമകളിൽ നിന്ന് സുശാന്തിനെ നീക്കിയിട്ടുണ്ടെന്ന് ബൻസാലി പൊലീസിനോട് സമ്മതിച്ചു. താരത്തിന് മറ്റ് തിരക്കുകൾ ഉണ്ടായിരുന്നു എന്നും ഡേറ്റ് പ്രശ്നം ആയതിനാലാണ് അദ്ദേഹത്തെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതുകൊണ്ടാണ് സുശാന്തിനു പകരം മറ്റ് താരങ്ങളെ തൻ്റെ ചിത്രങ്ങളിൽ അഭിനയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അസ്ഫിക്‌സിയയാണ് സുശാന്തിന്റെ മരണകാരണം. ശ്വാസം ലഭിക്കാത്ത അവസ്ഥയാണ് അസ്ഫിക്‌സിയ. കഴുത്തിൽ കുരുക്ക് മുറുകിയതിനെ തുടർന്ന് ശ്വാസം ലഭിക്കാതെയാണ് താരം മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ജൂൺ 14ന് പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ വേലക്കാരനാണ് പൊലീസിൽ അറിയിച്ചത്. നടന് വിഷാദമായിരുന്നുവെന്നും ആറ് മാസമായി ചികിത്സയിലായിരുന്നു എന്നുമാണ് വിവരം. സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ ഒരു അഭിഭാഷകൻ ക്രിമിനൽ പരാതി നൽകിയിരുന്നു. സൽമാൻ ഖാനൊപ്പം സംവിധായകൻ കരൺ ജോഹർ, ആദിത്യ ചോപ്ര, സാജിദ് നാദിയാവാല, സഞ്ജയ് ലീലാ ബൻസാലി, ഏക്ത കപൂർ, സംവിധായകൻ ദിനേഷ്, ഭൂഷൺ കുമാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. സുശാന്തിന്റെ ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button