IndiaLatest

സിഎജി പ്രിൻസിപ്പൽ ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു

“Manju”

ന്യൂഡൽഹി• അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പ്രിൻസിപ്പൽ ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു. 2 മാസം മുൻപാണ് പിരിച്ചുവിട്ടത്. കോഫി ബോർഡ് ഫിനാൻസ് ഡയറക്ടറായിരിക്കെ കോടികൾ മ്യൂച്വൽ ഫണ്ടുകളിൽ സ്വന്തം പേരിൽ നിക്ഷേപിച്ചതിന്റെ പേരിൽ ഇവർക്കെതിരെ സിബിഐ കേസുണ്ടായിരുന്നു.

91 ബാച്ച് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥയാണ്. യുപിഎസ്‌സി നടത്തിയ അന്വേഷണത്തിലും ഇവർ ഗുരുതരമായ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണു ശിക്ഷാ നടപടി. മേയ് 19ന് ധനമന്ത്രാലയം ഇവരെ പിരിച്ചുവിടാൻ നൽകിയ ഉത്തരവിന്റെ വിവരം ഇപ്പോഴാണു പുറത്തുവന്നത്.

ആരോപണങ്ങൾക്ക് 250 പേജുള്ള മറുപടി ശാരദ സുബ്രഹ്മണ്യം നൽകിയിരുന്നു. എന്നാൽ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്നു സിഎജിയും യുപിഎസ്‌സിയും ധനമന്ത്രാലയവും കണ്ടെത്തി. ഇവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ചട്ടങ്ങൾ പ്രകാരം എടുക്കാമെന്നു സിഎജി 2018ൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ ശാരദ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ യുപി‌എസ്‌സി അടക്കം ക്രമക്കേടുകൾ ശരിവച്ചതിനാൽ ഇടക്കാല ഉത്തരവു നൽകാൻ സിഎടി തയാറായില്ല. ശാരദയുടെ ഹർജി ഇപ്പോഴും സിഎടിയുടെ പരിഗണനയിലാണ്.

ബെംഗളൂരുവിൽ കോഫി ബോർഡ് ഫിനാൻസ് ഡയറക്ടറായിരിക്കവെ ബെംഗളൂരു ഡവലപ്മെന്റ് അതോറിറ്റിയുടെ 2900 കോടി രൂപ കോഫിബോർ‍‍ഡ്, ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ, ചില മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലേക്കു വ്യക്തിപരമായി വകമാറ്റിയെന്നാണ് ആരോപണം. കോഫിബോർഡിന്റെ 16.2 കോടിയുടെ അധിക ഫണ്ട് വകമാറ്റി. 2002ൽ ഫിനാൻസ് ഡയറക്ടറുടെ പേരിൽ 1.04 കോടി രൂപ ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ബെംഗളൂരു ഡവലപ്മെന്റ് അതോറിറ്റിയുടെ ഫണ്ടുകളിൽ തിരിമറി നടത്തിയതിന് ശാരദയുടെ ഭർത്താവ് സന്ദീപ് ദാസിനെ ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസിൽ നിന്നു 2015ൽ പിരിച്ചുവിട്ടിരുന്നു.

Related Articles

Back to top button