IndiaLatest

‘സ്വര്‍ണമിറക്കി’ തമിഴ്‌നാട്ടില്‍ വാങ്ങിക്കൂട്ടിയതു നൂറുകണക്കിന് ഏക്കറുകള്‍; തീവ്രവാദ സംഘടനകള്‍ക്കു മാസപ്പടിയും

“Manju”

മലബാറില്‍ സജീവമായിരുന്ന സ്വര്‍ണക്കടത്ത് സംഘങ്ങള്‍  തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഉള്‍പ്പെടെ വാങ്ങിക്കൂട്ടിയതു നൂറുകണക്കിന് ഏക്കറുകള്‍. തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന അല്‍-ഉമ്മ, എല്‍.ടി.ടി.ഇ. പോലുള്ള തീവ്രവാദസംഘടനകള്‍ക്കു ”മാസപ്പടി” നല്‍കിയിരുന്നതായും സൂചന. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച കള്ളപ്പണം ഉപയോഗിച്ച് ബിനാമി പേരിലാണു തമിഴ്‌നാട്ടില്‍ തുച്ഛവിലയ്ക്കു ഭൂമി വാങ്ങിക്കൂട്ടിയത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ വേങ്ങര പറമ്പില്‍പടി എടക്കണ്ടന്‍ സെയ്തലവി (ബാവ-60) ഉള്‍പ്പെടെയുള്ള സംഘമാണു കാല്‍നൂറ്റാണ്ട് മുമ്പ് മലബാറില്‍ സ്വര്‍ണക്കടത്തിനു ചുക്കാന്‍പിടിച്ചിരുന്നതെന്നു കസ്റ്റംസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

സ്വര്‍ണക്കടത്തുകാര്‍ വാങ്ങിയ സ്ഥലങ്ങള്‍ ബന്ധുക്കളുടെയും തമിഴ്‌നാട്ടിലെതന്നെ പാവപ്പെട്ട കൃഷിക്കാരുടെയുമൊക്കെ പേരിലാണു രജിസ്റ്റര്‍ ചെയ്തിരുന്നത്. വരണ്ട പ്രദേശങ്ങളില്‍ തുച്ഛവിലയ്ക്ക് ഏക്കറുകള്‍ വാങ്ങിയശേഷം കുഴല്‍ക്കിണറുകള്‍ നിര്‍മിച്ച് ജലസേചനസൗകര്യമൊരുക്കി. തുടര്‍ന്ന്, കൃഷി നാട്ടുകാരെ ഏല്‍പ്പിച്ച് ലാഭം കൊയ്യുകയായിരുന്നു രീതി.ഇങ്ങനെ ഭൂമിയില്‍ ”സ്വര്‍ണനിക്ഷേപം” നടത്തുന്ന സംഘങ്ങളെ പിന്നീട് തീവ്രവാദസംഘടനകള്‍ നോട്ടമിട്ടു. ഒരിക്കല്‍ കൃഷിയിടം സന്ദര്‍ശിക്കാനെത്തിയ മലയാളിസംഘത്തെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പ്രതിമാസം നിശ്ചിത തുക നല്‍കിയില്ലെങ്കില്‍ കൃഷിയിറക്കാനോ ഭൂമി വില്‍ക്കാനോ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

കള്ളപ്പണമുപയോഗിച്ച്, ബിനാമി പേരില്‍ വാങ്ങിയ ഭൂമിയായതിനാല്‍ പരാതിയോ നിയമനടപടിയോ അസാധ്യമായിരുന്നു. ഇങ്ങനെയാണു സ്വര്‍ണക്കടത്ത് മാഫിയ, തീവ്രവാദസംഘനകളുടെ   മ്പത്തികസ്രോതസായതെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എടക്കണ്ടന്‍ സെയ്തലവി മുമ്പും പലതവണ പിടിയിലായിട്ടുണ്ട്. ഇയാളെ നിരീക്ഷിക്കാന്‍ കസ്റ്റംസ് അധികൃതര്‍ വേഷപ്രച്ഛന്നരായി വേങ്ങരയില്‍ ദിവസങ്ങളോളം തമ്പടിച്ചിരുന്നു.സ്വര്‍ണക്കടത്തില്‍ സെയ്തലവിക്കൊപ്പം സജീവമായിരുന്ന പലരും പിന്നീടു തെറ്റിപ്പിരിഞ്ഞു. അതോടെ, തമിഴ്‌നാട്ടിലെ ഭൂമി പലതും മറിച്ചുവിറ്റു. പിന്നീടാണു സെയ്തലവി തബ്‌ലീഗ് ആശയത്തില്‍ ആകൃഷ്ടനായത്. മാസങ്ങള്‍ക്കു മുമ്പ്, ബിസിനസ് ആവശ്യത്തിനായി 10 ലക്ഷം രൂപ മുടക്കാന്‍ താത്പര്യമുള്ളവരെ സെയ്തലവി നാട്ടില്‍ അന്വേഷിച്ചിരുന്നതായും സൂചനയുണ്ട്. ഇയാള്‍ അടുത്തിടെ വേങ്ങര മണ്ണില്‍പിലാക്കലില്‍ ഒന്നര ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു.

 

 

 

Related Articles

Back to top button