IndiaKeralaLatestThiruvananthapuram

വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ മുന്നേറുന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡും സൈഡസ് കാഡിലയും തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്‌സിന്റെ പരീക്ഷണം രാജ്യത്ത് മുന്നേറുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും സൈഡസിന്റെ സൈകോവ്ഡി വാക്‌സിനും ഫേസ് 1, ഫേസ് 2 ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ജൂലായ് 15ന് തന്നെ ഈ വാക്‌സിനുകളുടെ ആദ്യ ഡോസുകള്‍ മനുഷ്യരില്‍ നല്‍കിത്തുടങ്ങിയിരുന്നുവെന്നും ഇരു കമ്പനികളും വ്യക്തമാക്കി.

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണം ഉടന്‍ ആരംഭിക്കും. പുനെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്‌സിന്‍ നിര്‍മ്മാണത്തിലെ ഓക്‌സ്ഫഡിന്റെ ഇന്ത്യന്‍ പങ്കാളി. ആഗസ്റ്റ് അവസാനത്തോടെ കോവിഡ്19 വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ ആരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. അനുമതി ലഭിച്ചാല്‍ 5000ത്തോളം ഇന്ത്യക്കാരിലാകും മരുന്നു പരീക്ഷിക്കുക. കാര്യങ്ങള്‍ എല്ലാം കൃത്യമായി നടന്നാല്‍ അടുത്ത ജൂണോടെ വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവരുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന കോവാക്‌സിന്‍ ഡല്‍ഹി, പാറ്റ്‌ന എയിംസ് ഉള്‍പ്പെടെ 12 കേന്ദ്രങ്ങളിലാണ് പരീക്ഷിക്കുക. സൈഡസിന്റെ സൈകോവ്ഡി നിലവില്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ മാത്രമാണ് പരീക്ഷിക്കുന്നത്. വൈകാതെ രാജ്യത്തെ മറ്റു നഗരങ്ങളിലേയ്ക്കും പരീക്ഷണം നീട്ടും. ഏഴു മാസത്തിനുള്ളില്‍ സൈകോവ്ഡിയുടെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുമെന്ന് കമ്പനി ചെയര്‍മാന്‍ പങ്കജ് ആര്‍. പട്ടേല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആദ്യ മൂന്നു മാസത്തിനുള്ളില്‍ ഫേസ് 1, ഫേസ് 2 പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോവാക്‌സിന്റെ ആദ്യ പരീക്ഷണം ഡല്‍ഹി എയിംസില്‍ വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യ ഡോസ് നല്‍കിയത് ഒരു മുപ്പതുകാരനാണ്. രണ്ടു മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം വീട്ടിലേക്ക് അയച്ചു. ഇയാള്‍ പൂര്‍ണ നിരീക്ഷണത്തിലാണെങ്കിലും ഏഴു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കും. 14- ാം ദിവസവും 28-ാം ദിവസവും ഫോളോഅപ്പുണ്ടാകും. ഒരു വര്‍ഷത്തോളം നിരീക്ഷിച്ചാണ് വാക്‌സിന് ദീര്‍ഘനാള്‍ പ്രഹരശേഷിയുണ്ടോയെന്ന് മനസ്സിലാക്കുന്നതെന്ന് എയിംസ് കമ്യൂണിറ്റി മെഡിസിന്‍ പ്രഫസര്‍ ഡോ. പുനീത് മിശ്ര വ്യക്തമാക്കി.

Related Articles

Back to top button