KeralaLatest

ജൂലായ് 30-ഭരതൻ ടച്ച്‌ മാഞ്ഞിട്ട് 22 വർഷങ്ങൾ

“Manju”

മലയാള ചലച്ചിത്രത്തിൽ കാല്പനിക തരംഗത്തിന് തുടക്കമിട്ട സംവിധായകനാണ് ഭരതൻ. കലാസംവിധായകൻ, ചിത്രകാരൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ വ്യത്യസ്ത മേഖലകളിൽ തനതായ കൈയൊപ്പ് ചാർത്തിയ സംവിധായകൻ
ഭരതൻ മരിച്ചിട്ട് ഇന്ന് 22 വർഷങ്ങൾ പൂർത്തിയാകുന്നു.

1946 നവംബർ 14നാണ് ഭരതന്റെ ജനനം. 1998 ജൂലായ് 30ന് ഭരതൻ സിനിമാലോകത്തോട് മാത്രമല്ല, ഈ ലോകത്തോടുതന്നെ യാത്രപറഞ്ഞുപോവുകയും ചെയ്തു. ഒരുപിടി നല്ല സിനിമകൾ സംഭാവന ചെയ്ത് അതിൽ കൂടുതൽ മനസ്സിൽ ബാക്കിവെച്ചാണ് ഭരതൻ യാത്രയായത്.

പ്രയാണ’ത്തിലൂടെയാണ് ഭരതൻ ചലച്ചിത്രലോകത്തിലേക്ക് കടന്നുവരുന്നത്. പത്മരാജന്റെ തിരക്കഥയും ഭരതന്റെ സംവിധാനവും ചേർന്നപ്പോൾ ‘പ്രയാണം‘ ഭംഗിയുള്ള അഭ്രകാവ്യമായി മാറി. ‘പ്രയാണം‘ കൂടാതെ മറ്റുചിത്രങ്ങൾ അണിയറ, ഗുരുവായൂർ കേശവൻ, രതിനിർവ്വേദം,, ചാട്ട, പാർവ്വതി, നിദ്ര, പാളങ്ങൾ, മർമ്മരം, ഓർമ്മക്കയി, കാറ്റത്തെ കിളിക്കൂട്, സന്ധ്യമയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്നപൂവേ, ഒഴിവുകാലം, ഈണം, എന്റെ ഉപാസന, പ്രണാമം, ചിലമ്പ്, കേളി, അമരം, വെങ്കലം, പാഥേയം, താഴ്‌വാരം, വൈശാലി, ദേവരാഗം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, പൂരം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, കാതോട് കാതോരം, ഒരു സായാഹ്നത്തിന്റെ സ്വപ്നം, ചമയം, മാളൂട്ടി, മഞ്ചീരധ്വനി എന്നിവയാണ്.

സ്ത്രീ ശരീരത്തിന്റെ വശ്യസൗന്ദര്യത്തെയും പ്രകൃതിരമണീയതയെയും ഒപ്പിയെടുക്കുമ്പോഴും ലൈംഗീകതയെ അശ്ലീലതയിലേയ്ക്കു വഴുതി വീഴാതെ ചിത്രീകരിക്കാനുള്ള അപൂർവമായ കൈപട തെളിയിച്ച സംവിധായകനുമാണദ്ദേഹം.
അതിലൂടെ ‘ഒരു ഭരതൻ ടച്ച് ‘ എന്ന ശൈലി തന്നെ രൂപപ്പെടുത്തി.

സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡിപ്ലോമ നേടിയ ഭരതൻ 1972-ൽ എ.വിൻസന്റ് സംവിധാനം ചെയ്ത ‘ഗന്ധർവ്വക്ഷേത്ര’ത്തിലൂടെ കലാസംവിധായകനായി സിനിമയിലെത്തി.പിന്നീട്, പത്മരാജന്റെ തിരക്കഥയിൽ, മലയാളസിനിമാരംഗത്ത് ഭരതൻ സൃഷ്ടിച്ചത് ഒരു സുവർണകാലഘട്ടത്തെയാണ്.
പ്രയാണം (1975), തകര (1979), ചാമരം (1980), ഓർമ്മയ്ക്കായി, മർമ്മരം (1982) എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായകനും കലാസംവിധാനത്തിനും, ചാട്ട (1981), ഇത്തിരിപൂവേ ചുവന്ന പൂവേ (1984) എന്നിവയ്ക്ക് മികച്ച കലാസംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
1992-ൽ ‘തേവർ മകൻ’ തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു.

ഗുരുവായൂർ കേശവൻ, രതിനിർവ്വേദം, ലോറി, ആരവം, പറങ്കിമല, എന്റെ ഉപാസന, പാളങ്ങൾ, കാറ്റത്തെ കിളിക്കൂട്, താഴ്വാരം, ചിലമ്പ്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വൈശാലി, അമരം, ചമയം, പാഥേയം, വെങ്കലം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളത്തെ ധന്യമാക്കി.

നാടക-ചലച്ചിത്ര നടി കെ.പി.എ.സി.ലളിത ഭാര്യയും യുവ സംവിധയകനും നടനുമായ സിദ്ധാർത്ഥ് മകനുമാണ്.

പ്രയാണത്തിൽ തുടങ്ങി ചുരത്തിൽ അവസാനിച്ച കലാസപര്യ.. ന്യൂജനറേഷനെന്ന പേരിൽ പടച്ചുവിടുന്ന ഇന്നത്തെ ചിത്രങ്ങൾക്കിടയിൽ ഭരതൻ ചിത്രങ്ങൾ വീണ്ടും കാണുമ്പോൾ നാം ആനന്ദിക്കുന്നു.അദ്ദേഹത്തിന്റെ രതിനിർവേദവും നിദ്രയും റീമേക്ക് ചെയ്യപ്പെടുമ്പോൾ ഭരതൻ ടച്ചിന്റെ അസാന്നിധ്യം മൂലം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.. കാലമെത്രകഴിഞ്ഞാലും ഭരതനും പത്മരാജനും ലോഹിതദാസും ഒക്കെ നമ്മുടെ കലാസ്വാദനത്തിന്റെ ഇടനാഴികളിൽ തങ്ങിനിൽക്കും..സുഗന്ധം പരത്തി ഒരു മിന്നാമിനുങ്ങിന്റെ അണയാത്ത നുറുങ്ങുവെട്ടം പോലെ.. ഓർമ്മകൾ ആകുമ്പോൾ ചന്തം കൂടുന്ന മഹാപ്രതിഭകൾ ആയി തന്നെ…

Related Articles

Back to top button