സിന്ധുമോള്‍ ആര്
ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ സെപ്റ്റംബര്‍ അവസാനത്തോടെ നടത്താനിരിക്കുന്ന സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി 18ലേക്ക് മാറ്റി. ലോക്ക്ഡൗണ്‍ മൂലം ശരിയായ വിധത്തില്‍ പഠനം നടക്കാത്ത സാഹചര്യത്തില്‍ പരീക്ഷ നടത്തണമെന്നു വാശിപിടിക്കുന്നത് എന്തിനെന്ന് ഹര്‍ജിക്കാരായ വിദ്യാര്‍ഥികള്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിംഗ്വി വാദിച്ചു.
വിദ്യാര്‍ഥികളുടെ ഭാവിക്കു വേണ്ടിയാണ് പരീക്ഷ നടത്തുന്നതെന്നും അധ്യയന വര്‍ഷത്തെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ പരീക്ഷകള്‍ നടത്തേണ്ടതുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, കോവിഡ് വ്യാപനം മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ നിര്‍ദേശിക്കുന്നതിനെ ചോദ്യം ചെയ്ത സിംഗ്വി, പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ ആരോഗ്യ കാര്യത്തില്‍ ആശങ്കയില്ലേയെന്നും ചോദിച്ചു.