IndiaLatest

കിതപ്പ് പ്രശ്‌നമായി തോന്നുന്നുണ്ടോ? കോവിഡനന്തര ശ്വാസകോശക്ഷതമാവാം

“Manju”

ചെന്നൈ: കോവിഡ് ബാധയ്ക്കുശേഷം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം ക്ഷതം നേരിട്ടത് ഇന്ത്യക്കാര്‍ക്കെന്ന് പഠന റിപ്പോര്‍ട്ട്. ഓക്‌സിജന്‍ രക്തത്തിലേക്ക് കടത്തിവിടുന്നതിനുള്ള ശ്വാസകോശത്തിന്റെ ശേഷി കുറയുന്നതാണ് കോവിഡനന്തര ശ്വാസകോശക്ഷതത്തിന്റെ പ്രധാന പ്രത്യാഘാതമെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഇന്ത്യയില്‍ തീവ്രകോവിഡ് ബാധിച്ചവരില്‍ 49.1 ശതമാനം കിതപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. യൂറോപ്പില്‍ ഇത് 43 ശതമാനമാണ്. ചൈനയില്‍ അതിലും കുറവാണ്. ഭൂരിപക്ഷംപേര്‍ക്കും ഒരുവര്‍ഷത്തിനകം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാവുന്നുണ്ടെങ്കിലും ചിലര്‍ക്ക് ജീവിതകാലംമുഴുവന്‍ പ്രശ്‌നം നേരിടുന്നു.

കഠിനമായി കോവിഡ് ബാധിച്ച 207 പേരിലാണ് വെല്ലൂരിലെ ഗവേഷകര്‍ പഠനം നടത്തിയത്. യൂറോപ്പിലും ചൈനയിലും നടന്ന സമാനഗവേഷണങ്ങളെ ഇതുമായി താരതമ്യംചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പി.എല്‍.ഒ.എസ്. ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വ്യായാമംചെയ്യുമ്പോഴുള്ള കിതപ്പായാണ് ഭൂരിഭാഗമാളുകളിലും കോവിഡനന്തര ശ്വാസകോശക്ഷതം പ്രകടമാകുന്നത്. 44 ശതമാനം പേര്‍ക്കും അന്തരീക്ഷവായുവില്‍നിന്ന് ഓക്‌സിജന്‍ രക്തത്തിലേക്ക് കടത്തിവിടുന്നതിനുള്ള ഗ്യാസ് ട്രാന്‍സ്ഫര്‍ ശേഷി കുറഞ്ഞതായി പരിശോധനയില്‍ കണ്ടെത്തി. പ്രമേഹം പോലുള്ള രോഗങ്ങളുടെ സാന്നിധ്യവും അന്തരീക്ഷമലിനീകരണവും കാരണമെന്നാണ് നിഗമനം. സ്ഥിരം വ്യായാമംചെയ്യുന്നതും ശ്വസനക്രിയകള്‍ പരിശീലിക്കുന്നതും പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related Articles

Back to top button