തൊടുപുഴ: രോഗിയായ വയോധികയെ മകളുടെ വീടിന് സമീപമുള്ള പെരുവഴിയില്‍ ഇറക്കിവിട്ട ശേഷം മകന് കടന്നുകളഞ്ഞു. എണ്‍പത്തിയഞ്ചുകാരിയെ ആരോഗ്യപ്രവര്‍ത്തകരും പൊലീസും മകളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. മകനെതിരേ ഇടവെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൊടുപുഴ സിഐ.ക്ക് പരാതി നല്കി. ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ തൊണ്ടിക്കുഴയിലാണ് സംഭവം.
മകന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വയോധികയെ മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഈ മകനാണ് വ്യാഴാഴ്ച വയോധികയെ തൊണ്ടിക്കുഴയിലെ മറ്റൊരു മകളുടെ വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അമ്മയെ മകളുടെ വീട്ടിലെത്തിക്കാതെ സമീപമുള്ള റോഡില്‍ ഇറക്കിവിട്ട ശേഷം ഇയാള്‍ പോവുകയായിരുന്നു. അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആശാ പ്രവര്‍ത്തക നിജയും പഞ്ചായത്തംഗം സുബൈദ അനസും ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥന് റിയാസും സ്ഥലത്തെത്തിയത്.
വഴിയില്‍വീണ് പരിക്കേറ്റെങ്കിലും ഇവര്‍ മകളുടെ വീടുവരെ നടന്നെത്തിയിരുന്നു. അപ്പോഴേക്കും, നഗരത്തില്‍ പോയിരുന്ന മകളും തിരിച്ചെത്തി. ഉടന്‍തന്നെ വയോധികയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ക്ക് പനിയും ശ്വാസംമുട്ടലുമുണ്ട്. വയോധികയെ ആദ്യം താമസിച്ചിരുന്ന വീട്ടില്‍ത്തന്നെ ആക്കിയിട്ടുണ്ട്. അടുത്ത ദിവസം കോവിഡ് പരിശോധനയ്ക്ക് വിധേയയാക്കും.