KeralaLatestThiruvananthapuram

ഹൃദ്യമായ അനുഭവത്തോടെ വി കെയര്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമം

“Manju”

എസ് സേതുനാഥ്

ഹൃദ്യമായ അനുഭവത്തോടെ വി കെയര്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമം, കുടുംബ സംഗമത്തില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പങ്കെടുത്തു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ വി കെയര്‍ ഗുണഭോക്തൃ കുടുംബ സംഗമം സംഘടിപ്പിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്തു. ഗുരുതര രോഗം ബാധിച്ച് ജീവിതം കൈവിട്ടു പോയിടത്തുനിന്ന് പുതുജീവിതത്തിലേക്ക് വന്നവരുടെ കൂടിച്ചേരല്‍ വൈകാരിക നിമിഷങ്ങള്‍ നിറഞ്ഞതായിരുന്നു. വി കെയര്‍ പദ്ധതിയിലൂടെ ശസ്ത്രക്രിയയടക്കമുള്ള ചികിത്സ നടത്തിവരില്‍ നിന്ന് ജില്ലാടിസ്ഥാനത്തില്‍ പത്തിലധികം പേരെ ഉള്‍പ്പെടുത്തി ആകെ ഇരുനൂറോളം പേരെയാണ് ഇന്നത്തെ ഗുണഭോക്തൃ കുടുംബ സംഗമത്തില്‍ ഉള്‍പ്പെടുത്തിയത്. കരള്‍, വൃക്ക, മജ്ജ മാറ്റിവെക്കലുകള്‍ അടക്കമുള്ള ഗുരുതര ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി സുഖം പ്രാപിച്ചവരാണവര്‍. അവരുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയും തുടര്‍ ചികിത്സാനുഭവങ്ങളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി മന്ത്രിയുമായി പങ്കുവെച്ചു.

ആയിരത്തിലധികം പേര്‍ക്കാണ് വി കെയര്‍ പദ്ധതിയിലൂടെ ചികിത്സാസഹായം നല്‍കിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പഞ്ഞു. ഗുരുതര രോഗങ്ങളുമായെത്തുന്നവരുടെ ഭീമമായ ചികിത്സാച്ചെലവ് എങ്ങനെ നല്‍കുമെന്നോര്‍ത്ത് ഉത്കണ്ഠപ്പെട്ടിരുന്നപ്പോഴാണ് വി കെയറിലൂടെ ചികിത്സാധനം സമാഹരിക്കാമെന്ന ആശയം വന്നത്. സര്‍ക്കാര്‍ വിഹിതത്തിനൊപ്പം സുമനസുകളുടെ സഹായവും ചേര്‍ന്നതു കൊണ്ടാണ് ഇത്രയും പേര്‍ക്ക് ഉപകരിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ചെയ്യാനായത്. ഇനിയും വറ്റാത്ത കാരുണ്യ മനസുകളുടെ സഹായം തുടരണം. മാത്രമല്ല വളരെ സത്യസന്ധമായും സുതാര്യവുമായാണ് വി കെയര്‍ പദ്ധതിയുടെ പ്രവര്‍ത്തനം. കോവിഡ് കാലത്ത് ശസ്ത്രക്രിയകള്‍ കഴിഞ്ഞവരും രോഗബാധിതരായ കുട്ടികളും ഏറെ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വി കെയര്‍ പദ്ധതിയുടെ നെടുംതൂണായ സാമൂഹ്യ സുരക്ഷാ മിഷനെയും ജീവനക്കാരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷനിലൂടെ നടപ്പിലാക്കി വരുന്ന സുപ്രധാന പദ്ധതിയാണ് വി കെയര്‍. വ്യക്തികള്‍ സന്നദ്ധ സംഘടനകള്‍, ഫൗണ്ടേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിക്ഷേപ സമാഹരണം നടത്തുകയും ഇത്തരത്തില്‍ ലഭ്യമാകുന്ന തുകയുപയോഗിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതുമാണ് വി കെയര്‍ ലക്ഷ്യം വെക്കുന്നത്.

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ കുടുംബ സംഗമത്തില്‍ സംസാരിച്ചു. കെഎസ്എസ്എം റീജിയണല്‍ ഡയറക്ടര്‍ ഡോ. ഡയാന സി.ജി., ഡോ. സുബി, വി കെയര്‍ പദ്ധതിയിലെ മറ്റ് ജീവനക്കാര്‍, എല്ലാ ജില്ലകളിലെയും വയോമിത്രം കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രതിനിധികള്‍ തുടങ്ങിയവരും വി കെയര്‍ ഗുണഭോക്തൃ കുടുംബ സമാഗമത്തില്‍ പങ്കെടുത്തു.

Related Articles

Back to top button