IndiaKeralaLatestThiruvananthapuram

വിവാഹം ഒഴിവാക്കാന്‍ യുവതി വീട് വിട്ടിറങ്ങി; കൊമേഴ്സ്യല്‍ ടാക്സ് ഓഫീസറായി ഏഴുവര്‍ഷത്തിനു ശേഷം തിരികെയെത്തി

“Manju”

സിന്ധുമോള്‍ ആര്‍
മീററ്റ്: കുടുംബത്തില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 28കാരിയായ യുവതി വീട് വിട്ടിറങ്ങി. ഏഴു വര്‍ഷത്തിനു ശേഷം പരീക്ഷ പാസായി കൊമേഴ്സ്യല്‍ ടാക്സ് ഓഫീസറായി വീട്ടിലേക്ക് മടങ്ങിയെത്തി. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിന് തന്റെ ഇഷ്ടങ്ങളെ വിട്ടു കൊടുക്കാതിരുന്ന മീററ്റ് സ്വദേശിയായ സഞ്ജു റാണി വര്‍മയാണ് ഏഴു വര്‍ഷത്തിനു ശേഷം യു പി പി എസ് സി പരീക്ഷ പാസായി കൊമേഴ്സ്യല്‍ ടാക്സ് ഓഫീസര്‍ ആയത്.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടുന്നതിനിടെയാണ് സഞ്ജു റാണിക്ക് അമ്മയെ നഷ്ടമായത്. ഇതിനെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച്‌ വീട്ടിലേക്ക് മടങ്ങിയെത്തി വിവാഹിതയാകാന്‍ കുടുംബം നിര്‍ബന്ധിച്ചു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കാത്ത കുടുംബത്തില്‍ ആയിരുന്നു സഞ്ജു റാണിയുടെ ജനനം. എന്നാല്‍, തന്റെ സ്വപ്നം നേടുന്നതിനായുള്ള പോരാട്ടം സഞ്ജു റാണി അന്ന് തുടങ്ങി. മീററ്റിലെ ആര്‍ജി കോളേജില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ സഞ്ജു റാണി കുടുംബത്തില്‍ നിന്ന് ഉന്നതപഠനത്തിന് പിന്തുണ ലഭിക്കില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് തന്റെ വഴി സ്വയം കണ്ടെത്തി. സാമ്പത്തികപിന്തുണ ഇല്ലാത്തതിനെ തുടര്‍ന്ന് 2013ല്‍ ബിരുദാനന്തര പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. വാടകയ്ക്ക് ഒരു ചെറിയ അപ്പാര്‍ട്ട്മെന്റ് എടുത്ത് കുട്ടികള്‍ക്ക് ട്യൂഷന്‍ ക്ലാസ്സുകള്‍ എടുത്തു തുടങ്ങി. സ്വകാര്യസ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം ടീച്ചിങ് ജോലികളും ചെയ്തു. ഇതിനിടയില്‍ തന്നെ പി എസ് സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും നടത്തി. UPPSC-2018 ലെ പരീക്ഷയുടെ ഫലം കഴിഞ്ഞയാഴ്ച വന്നപ്പോള്‍ സഞ്ജു റാണിക്ക് അത് സ്വപ്ന സാഫല്യമായിരുന്നു. എന്നാല്‍, സഞ്ജുറാണിയുടെ കണ്ണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഒരു ഡിവിഷണല്‍ മജിസ്ട്രേറ്റ് ആകുകയെന്നതാണ്.
അതേസമയം, തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ആഗ്രഹിക്കുന്നെന്ന് 35കാരിയായ സഞ്ജു റാണി പറഞ്ഞു. സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള മകളുടെ അവകാശത്തെ നിഷേധിച്ചവര്‍ ഒരു ഓഫീസറായി എത്തുന്ന മകളെ കൈനീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button