IndiaLatestMalappuramThiruvananthapuramThrissur

പച്ചക്കറി വില കുതിച്ചുയരുന്നു; ഉള്ളിക്കും തക്കാളിക്കും വില കുതിക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍
കോവിഡ് പ്രതിസന്ധി രാജ്യത്തുണ്ടാക്കിയ സാമ്പത്തിക ഞെരുക്കവും തൊഴില്‍ നഷ്ടങ്ങളും രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയിലെ പച്ചക്കറി വിലയും വലിയ തോതില്‍ വര്‍ദ്ധിക്കുന്നു. സാധാരണക്കാര്‍ എറെ ഉപയോഗിക്കുന്ന ഉള്ളി, തക്കാളി എന്നിവയുടെ വിലയില്‍ ഉള്‍പ്പെടെയാണ് വലിയ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുള്ളത്. പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വിലയും വര്‍ദ്ധിക്കുന്ന പ്രവണതയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡല്‍ഹി ഉള്‍പ്പെടെയുള്ള മേഖലയില്‍ കിലോയ്ക്ക് നാല്പത് രൂപ എന്ന നിലയില്‍ ഉള്ളി വില എത്തിയതിന് പിന്നാലെയാണ് കയറ്റുമതി നിരോധിച്ച്‌ അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോവുന്നത്. ദിവസങ്ങള്‍ വ്യത്യാസത്തിലാണ് വില നിലവാരം ഇരട്ടിയിലേക്ക് കുതിച്ചത്. ഇതിനിടെ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തക്കാളിയുടെ വില കിലോയ്ക്ക് 100 രുപയിലെത്തിയതായാണ് വിവരം. രാജ്യതലസ്ഥാനത്ത് 80 മുതല്‍ 85 രൂപ വരെയാണ് ഒരു കിലോ തക്കാളിയുടെ റീട്ടെയില്‍ വില. കഴിഞ്ഞ ആഴ്ച വരെ 50 മുതല്‍ 60 രൂപ വരെയായിരുന്നു വില.
15 ദിവസം മുമ്പ് കിലോയ്ക്ക് 120 രൂപയ്ക്ക് വിറ്റുപോയിരുന്ന ഗ്രീന്‍ പീസ് നിലവില്‍ കിലോയ്ക്ക് 150 രൂപയ്ക്കാണ് വിപണിയില്‍ ലഭ്യമാവുന്നത് .കോളിഫ്‌ളവറിന്റെ വില രണ്ടാഴ്ചയ്ക്കുള്ളില്‍ 50 രൂപയില്‍ നിന്ന് 100 രൂപയായി. ഉരുളക്കിഴങ്ങ് വില കിലോയ്ക്ക് 10 മുതല്‍ 20 രൂപ വരെ ഉയര്‍ന്നു. കഴിഞ്ഞ മാസം കിലോയ്ക്ക് 25 മുതല്‍ 30 രൂപ വരെ വിറ്റുപോയ ജനപ്രിയ ചിപ്പ് സോണ ഉരുളക്കിഴങ്ങ് ഇപ്പോള്‍ കിലോയ്ക്ക് 40 രൂപയാണ് മാര്‍ക്കറ്റിലെ ചില്ലറ വില. പഹാദി (ഹിമാചല്‍) ഉരുളക്കിഴങ്ങിന്റെ വിലയും കിലോയ്ക്ക് 20 രൂപ ഉയര്‍ന്നു. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 30 രൂപയ്ക്ക് ലഭിച്ചിരുന്ന ഈ ഇനം ഉരുളക്കിഴങ്ങ് ഇപ്പോള്‍ കിലോയ്ക്ക് 50 രൂപയിലധികമാണ്.
അതേസമയം, ചില പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നപ്പോള്‍, സോയ ബീന്‍സ്, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികളുടെ വിലയില്‍ ഇടിവും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ കിലോയ്ക്ക് 40 രൂപ വരെയെത്തിയ വെള്ളരി വില ഇപ്പോള്‍ കിലോയ്ക്ക് 20 രൂപയില്‍ ലഭ്യമാണ്. സോയ ബീന്‍ വില 80 രൂപയില്‍ നിന്ന് 40 രൂപയായി കുറഞ്ഞു. ബെല്‍ പെപ്പര്‍, പച്ചമുളക്, വഴുതന, എന്നിവ കിലോയ്ക്ക് 30 മുതല്‍ 40 രൂപ വരെയാണ് വില.
കോവിഡ് രോഗവ്യാപനത്തിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്ത് ഒരു രൂപ മുതല്‍ മൂന്ന് രൂപയ്ക്ക് വരെ കര്‍ഷകര്‍ തക്കാളി വിറ്റിരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ വില വര്‍ദ്ധന. രാജ്യത്ത് പ്രതിവര്‍ഷം 19.73 ദശലക്ഷം ടണ്‍ തക്കാളി ഉത്പാദിപ്പിക്കുന്നുണ്ട്. 11.51 ദശലക്ഷം ടണ്‍ ആണ് രാജ്യത്തെ തക്കാളിയുടെ ഉപഭോഗം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, പഞ്ചാബ്, തമിഴ്‌നാട്, കേരളം, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളാണ് രാജ്യത്ത് കൂടുതല്‍ തക്കാളി ഉല്‍പാദിപ്പിക്കുന്നത്.
ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും തക്കാളി വിളവ് ഇത്തവണ കുറവായതും വിലക്കയറ്റിന് ഇടയായി. കൂടാതെ വിള നാശനഷ്ടമുണ്ടാകാനും മഴ മൂലമുണ്ടായ തടസ്സവും പുതിയ വിളകളുടെ വിതരണത്തെ ബാധിച്ചു. അടുത്ത 15 ദിവസത്തിനുള്ളില്‍ സ്ഥിതി സാധാരണ നിലയിലാകുമെന്നും വ്യാപാരികള്‍ പറയുന്നു. ഇത്തവണ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴ ഉള്ളിക്കര്‍ഷകര്‍ക്ക് തിരിച്ചടി ആയിരുന്നു. രാജ്യത്തെ മൊത്തം ഉള്ളി വിളയുടെ 40 ശതമാനം ഖാരിഫ് സീസണിലും ബാക്കിയുള്ളവ റാബി സീസണിലുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button