KeralaLatestMalappuramThiruvananthapuram

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിന് എതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി

“Manju”

സിന്ധുമോള്‍ ആര്‍
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി. ജസ്റ്റിസ് വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി.ആര്‍ രവിയും അടങ്ങുന്ന ബെഞ്ച് ആയിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഇന്ന് കേസ് എടുത്തപ്പോള്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് ടി.ആര്‍ രവി അറിയിക്കുകയായിരുന്നു. കേസ് പുതിയ ബെഞ്ചിന് കൈമാറുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.
തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്‍കിയത് നയപരമായ തീരുമാനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. പൊതുജന താത്പര്യം മുന്‍നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കുന്നതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയത് സംസ്ഥാന സര്‍ക്കാരിന്റെ ടെണ്ടര്‍ തുക കുറഞ്ഞുപോയതുകൊണ്ടാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു. വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കിയതിന് പിന്നില്‍ അഴിമതിയാണെന്ന കോണ്‍ഗ്രസ് ആരോപണം രാജ്യസഭയില്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി തള്ളി. കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ടെണ്ടറില്‍ ഉള്‍പ്പെടുത്തിയത്. കേരള സര്‍ക്കാരിന്റെ തുക അദാനിയെക്കാള്‍ 19.3 ശതമാനം കുറവായിരുന്നു. ടെണ്ടര്‍ ലഭിച്ച കമ്പനി കേരളത്തില്‍ തുറമുഖം നിര്‍മ്മിക്കുന്നുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.
രാജ്യത്തെ വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കിയതിന് പിന്നില്‍ വലിയ അഴിമതിയാണെന്നായിരുന്നു ഏയര്‍ക്രാഫ്റ്റ് ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ ആരോപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം പോലും പരിഗണിക്കാതെയാണ് കേന്ദ്രം തീരുമാനം എടുത്തതെന്നും വേണുഗോപാല്‍ പറഞ്ഞു.

Related Articles

Back to top button