InternationalLatest

റഷ്യയുടെ കോവിഡ് വാക്സീൻ സ്വീകരിച്ച ഏഴിലൊരാൾക്ക് തളർച്ചയും വേദനയും

“Manju”

മോസ്കോ• കോവിഡ് വാക്സീൻ സ്പുട്നിക് 5 സ്വീകരിച്ച ഏഴിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായതായി റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറഷ്കോ. തളർച്ചയും പേശീവേദനയുമാണ് പ്രധാനമായും അനുഭവപ്പെട്ടത്. ദ് മോസ്കോ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിലാണ് പാർശ്വഫലങ്ങൾ കണ്ടത്. അതേസമയം കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതിൽ 100 ശതമാനം വിജയം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. സ്പുട്നിക് 5 കോവിഡ് 19 വാക്സീൻ പരീക്ഷണം അവസാന ഘട്ടത്തിലാണ്. 14% പേർക്കാണ് ക്ഷീണവും പേശീവേദനയും 24 മണിക്കൂർ നേരത്തേക്ക് അനുഭവപ്പെട്ടത്. ശരീരോഷ്മാവ് വർധിക്കുകയും ചെയ്തു.

നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യത്തോടെയോ പൊതുജനങ്ങൾക്ക് വാക്സീൻ ലഭ്യമാകും. മൂന്നാം ഘട്ടം പരീക്ഷണം പൂർത്തിയാക്കുന്നതോടെ ഘട്ടംഘട്ടമായിട്ടായിരിക്കും വാക്സീൻ വിതരണം ചെയ്യുന്നത്.

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട്(ആഡിഐഎഫ്), റഷ്യൻ ആരോഗ്യ നിധി, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ഫാർമസ്യൂട്ടിക്കൽ കമ്പനി എന്നിവർ ചേർന്ന് ഇന്ത്യയിൽ പരീക്ഷണം നടത്താനും 100 മില്യൻ ഡോസ് വിതരണം ചെയ്യാനും ധാരണയായിട്ടുണ്ട്. 2020 അവസാനത്തോടെ ഇന്ത്യയിലും പരീക്ഷണങ്ങൾ നടത്തി റഗുലേറ്ററി അതോരിറ്റിയുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കും.

ഡോ.റെഡ്ഡി ഫാർമസ്യൂട്ടിക്കൽസുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആർഡിഐഎഫ് സിഇഒ കിരിൽ ദിമിത്രിവ് പറഞ്ഞു. ഡോ.റെഡ്ഡിസ് 25 വർഷമായി റഷ്യയിൽ പ്രവർത്തിക്കുന്നു. കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആർഡിഐഎഫ് പങ്കാളികൾക്ക് വൈകാതെ തന്നെ ഫലപ്രദമായ കോവിഡ് വാക്സീൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button