IndiaKeralaLatest

പ്രശാന്തിന്റെ മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് പാകിസ്​താനിയായ അസര്‍ ഭായ്

“Manju”

ദുബൈ: പാകിസ്​താനിയായ അസര്‍ മഹ്​മൂദിന്​ കോഴിക്കോട്​ ഒളവണ്ണ സ്വദേശി പ്രശാന്ത്​ ഒരു തൊഴിലാളി മാത്രമായിരുന്നില്ല. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച പ്രശാന്തിന്‍റെ മൃതദേഹം നാട്ടിലേക്ക്​ അയക്കുന്നതിന്​ മുമ്ബ്​ എംബാമിങ്​ സെന്ററില്‍ വെച്ച്‌​ അസര്‍ പൊട്ടിക്കരഞ്ഞത്​ അവിടെ കൂടി നിന്നവരുടെയും കണ്ണുകളെ  ഈറനണിയിച്ചിരുന്നു. മനുഷ്യര്‍ തമ്മിലുള്ള സ്​നേഹബന്ധം ദേശത്തിനും മതത്തിനും അപ്പുറത്താണെന്ന്​ മനസ്സിലാക്കി തരുന്ന ആ നിമിഷങ്ങള്‍ യു..ഇയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ അഷ്​റഫ്​ താമര​ശ്ശേരിയാണ്​ ഫേസ്​ബുക്കില്‍ പങ്കുവെച്ചത്​.

അസറിന്‍റെ വിശ്വസ്​തനായ തൊഴിലാളിയായിരുന്നു പ്രശാന്ത്​. കഴിഞ്ഞയാഴ്ച നാട്ടില്‍ പോയി വരാന്‍ അസര്‍ പറഞ്ഞിട്ടും ഭായിയെ വിട്ട്​ പോകുന്നില്ലെന്നായിരുന്നു പ്രശാന്തിന്‍റെ മറുപടി. പക്ഷേ, മൂന്ന്​ ദിവസം മുമ്ബ്​ ഹൃദയാഘാതം മൂലം പ്രശാന്ത്​ മരിക്കുകയായിരുന്നു. ഭാഷക്കും ദേശത്തിനും മതത്തിനും വര്‍ഗത്തിനും നിറത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെന്നും അവിടെയും മനുഷ്യരാണ് ജീവിക്കുന്നതെന്നും തെളിയിക്കുന്നു ഇവരുടെ ബന്ധമെന്ന്​ പറയുന്നു അഷ്​റഫ്​ താമരശ്ശേരി.

അഷ്​റഫ്​ താമരശ്ശേരിയുടെ ഫേസ്​ബുക്ക്​ പോസ്റ്റിന്റെ പൂര്‍ണരൂപം: കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രശാന്ത്, പാകിസ്​താനിയായ അസര്‍ ഭായിക്ക് ഒരു തൊഴിലാളി മാത്രമായിരുന്നില്ല, സ്വന്തം സഹോദരനായിരുന്നു. അത് ഞാന്‍ മനസ്സിലാക്കിയത്, ഇന്നലെ എംബാമിങ്​ സെന്ററില്‍ പ്രശാന്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ വേണ്ടി പെട്ടിയിലെടുത്ത് വെക്കുമ്പോള്‍ അസര്‍ ഭായിയുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു. ദേശത്തിനും മതത്തിനും മുകളിലായിരുന്നു അവര്‍ തമ്മിലുളള സ്നേഹ ബന്ധം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സാധാരണ തൊഴിലാളിയായിട്ടാണ് പ്രശാന്ത്, പാകിസ്​താന്‍ സ്വദേശിയായ അസര്‍ മഹ്​മൂദിന്റെറെ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. അവിടെ നിന്നും അവസാന നിമിഷം വരെയും ഭായിയുടെ വിശ്വസ്തനായിരുന്നു. കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോയിട്ട് വരാന്‍ ഭായി നിര്‍ബന്ധിച്ചെങ്കിലും ഭായിയെ വിട്ട് പോകുവാന്‍ പ്രശാന്ത് തയ്യാറായിരുന്നില്ല. രണ്ട് ദിവസം മുമ്പ് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം പ്രശാന്ത് മരണപ്പെടുകയായിരുന്നു.

എംബാമിങ്​ സെന്‍ററില്‍ ഇരുന്ന് വിങ്ങിപ്പൊട്ടി കരയുന്ന ഭായിയെ കണ്ടപ്പോള്‍ ഇന്ന് ലോകത്ത് നമ്മള്‍ കാണുന്ന കാഴ്ചയുടെ രീതിയെ പറ്റി ചിന്തിച്ചുപോയി. ഭാഷക്കും ദേശത്തിനും മതത്തിനും വര്‍ഗ്ഗത്തിനും നിറത്തിനുമപ്പുറം മറ്റൊരു ലോകമുണ്ട്. അവിടെയും മനുഷ്യരാണ് ജീവിക്കുന്നത്.

ഭാഷ മനുഷ്യനിലൂടെയാണ് ജീവനാകുന്നത്. ഭാഷയ്ക്ക് അപ്പുറം ഉള്ള മനുഷ്യരുടെ ഉള്ളില്‍ തൊടുമ്പോള്‍ നമ്മള്‍ മനുഷ്യനെയാണ് തൊടുന്നത്. മനുഷ്യത്വത്തെയാണ് തൊട്ട് അറിയുന്നത്. അവിടെയാണ് ഭാഷക്കും മതത്തിനും, ദേശത്തിനും വംശത്തിനും നിറത്തിനും ലിംഗത്തിനും അപ്പുറമുള്ള മനുഷ്യനെ തിരിച്ചറിയാന്‍ നമ്മെ പഠിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും.

Related Articles

Back to top button