KeralaKozhikodeLatest

വേളത്ത് വളര്‍ത്ത് മൃഗങ്ങളില്‍ വൈറസ് രോഗം വ്യാപകം

“Manju”

വി.എം.സുരേഷ് കുമാർ

വടകര : വേളം പെരുവയല്‍ ഭാഗത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് വൈറസ് രോഗം പടരുമ്പോള്‍ മതിയായ ചികിത്സ നല്‍കാനാവാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗം പടര്‍ന്നുപിടിക്കുമ്പോഴും മൃഗഡോക്ടറുടെ സേവനം ലഭ്യമാകാത്തതാണ് ദുരവസ്ഥക്ക് കാരണം. മൃഗാശുപത്രിയിലെ ഡോക്ടര്‍ കോവിഡ് ചുമതലയുടെ ഭാഗമായി സെക്ടറല്‍ മജിസ്‌ട്രേറ്റായി നിയമിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
പെരുവയല്‍ സ്വദേശി കുഞ്ഞമ്മദ്കണ്ടി കരീമിന്റെ 30 ആടുകളില്‍ ഭൂരിഭാഗത്തിനും വൈറസ് രോഗം പിടിപ്പെട്ടിരിക്കുന്നത്. കര്‍ഷകയായ ആറോത്ത് മോളിയുടെയും കണ്ടിയില്‍ അനീഷിന്റെ ആടുകള്‍ക്കും രോഗബാധയുണ്ട്. വായുവില്‍ക്കൂടി പകരുന്ന വൈറസ് മൂലം വരുന്ന രോഗമാണ് ബാധിച്ചിരിക്കുന്നത്. വായു, ഭക്ഷണം എന്നിവയില്‍ക്കൂടിയാണ് രോഗംപകരുന്നത്.

വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്താണ് ഭൂരിഭാഗം കര്‍ഷകരും വളര്‍ത്തുമൃഗങ്ങളെ വാങ്ങിയത്. ഭാരിച്ച ചികിത്സാചെലവ് സാധാരണ കര്‍ഷകത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ പുറത്തുനിന്ന് ഇഞ്ചക്ഷന്‍ അടക്കമുള്ള സേവനങ്ങള്‍ക്ക് ഭീമമായ തുകയാണ് ചെലവാകുന്നത്. ഇതുകൂടാതെ മൃഗപരിപാലനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് നല്‍കിയ കെ.സി.സി. ലോണുകള്‍ക്കൊപ്പംതന്നെ വളര്‍ത്തുമൃഗങ്ങളെ ഇന്‍ഷുര്‍ ചെയ്യുകകൂടി വേണ്ടതാണ്.
എന്നാല്‍ മൃഗങ്ങളെ ഇന്‍ഷുര്‍ ചെയ്യാന്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണെന്നിരിക്കെ ഡോക്ടര്‍മാരുടെ അഭാവം കര്‍ഷക ദുരിതം ഇരട്ടിയാക്കി. മൃഗഡോക്ടറുടെ സേവനം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നത് വേളത്ത് കര്‍ഷകര്‍ക്ക് ദുരിതംതീര്‍ക്കുകയാണെന്ന് കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ വേളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗംപടരുന്ന സാഹചര്യത്തില്‍ മൃഗഡോക്ടറുടെ സേവനം അടിയന്തരമായി ഉറപ്പുവരുത്തണമെന്ന് ഭാരവാഹികളായ എം. രാജന്‍, എന്‍.കെ. ഗോപാലന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

രോഗമുള്ള മൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കണം അവയെ മാറ്റിനിര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സി.പി.പി.ആര്‍., സി.സി.പി.പി. രോഗങ്ങള്‍ വരാതിരിക്കാന്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Related Articles

Back to top button