KeralaLatestThiruvananthapuram

പാപനാശത്ത് നടപ്പാലം പൊളിച്ചു; വഴിയില്ലാതെ കുടുംബങ്ങൾ

“Manju”

വർക്കല: പാപനാശത്ത് ടൂറിസം വികസനപദ്ധതിയുടെ ഭാഗമായി നടപ്പാലം പൊളിച്ചതോടെ ഇരുപതോളം കുടുംബങ്ങൾക്ക് വഴിയില്ലാതായി. പാപനാശം തീരത്തേക്കെത്തുന്ന തോടിനു കുറുകേയുണ്ടായിരുന്ന നടപ്പാലത്തിന്റെ ഭാഗത്താണ് പുതിയ പാലവും ഓവിന്റെ ഭാഗംവരെ നടപ്പാതയും നിർമിക്കുന്നത്.

തകർച്ചയിലായിരുന്ന പഴയ തടിപ്പാലത്തിന്റെ സ്ഥാനത്ത് പുതിയത് നിർമിക്കാനായി നടപ്പാത കുഴിച്ച് ജോലികൾ തുടങ്ങിയിരുന്നു. ഇതിനൊപ്പം പാപനാശം കുന്നിനുതാഴെ നടപ്പാത നിർമിക്കാനുള്ള ജോലികളും ആരംഭിച്ചു. മണ്ണുമാന്തി ഉപയോഗിച്ചുള്ള ജോലിക്കിടെ അനുമതിയില്ലാതെ കടൽഭിത്തി ഇളക്കിയതോടെ ഇറിഗേഷൻ വകുപ്പ് ഇടപെട്ടു. പുതിയ വികസന പ്രവൃത്തികൾ തകർച്ചാഭീഷണി നേരിടുന്ന പാപനാശം കുന്നുകൾക്ക് ഭീഷണിയാകുമെന്ന വാദവുമായി പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസർച്ച് കൗൺസിൽ കളക്ടർക്ക് പരാതിയും നൽകി. അധികൃതരുടെ ശ്രദ്ധയിൽ പരാതികളെത്തിയതോടെ നിർമാണം നിർത്തിവെച്ചു.

പാലം പൊളിച്ചതോടെ കാൽനടയാത്രക്കാർക്കായി തോടിനു കുറുകേ തടിക്കഷണങ്ങൾ സ്ഥാപിച്ചിരുന്നു. കഴിഞ്ഞദിവസം ശക്തമായ വേലിയേറ്റത്തിൽ ഇവ ഇളകിപ്പോയി. ഇതോടെ ഹെലിപ്പാഡിനും തീരത്തിനും മധ്യേ താമസിക്കുന്ന കുടുംബങ്ങൾക്ക് എളുപ്പം പാപനാശത്തെത്താനുള്ള വഴിയടഞ്ഞു. പാപനാശത്ത് എത്തണമെങ്കിൽ ചുറ്റിസഞ്ചരിക്കുകയോ കടലിലൂടെ ഇറങ്ങിവരുകയോ വേണം. അല്ലെങ്കിൽ സമീപത്തെ റിസോർട്ടുകാർ കനിയണം. പാപനാശത്ത് ബലിതർപ്പണത്തിനെത്തുന്നവർക്ക് ഓവിൽ പോയി കുളിക്കാനും കഴിയാതെയായി. തീരത്തുനിന്നു ഹെലിപ്പാഡ്‌, പ്രകൃതിചികിത്സാകേന്ദ്രം എന്നിവിടങ്ങളിലേക്കു നടന്നുപോകുന്നവർക്കും പാലമില്ലാതായത് തടസ്സമായി.
പരാതികളെക്കുറിച്ച് പരിശോധിക്കാൻ ഇറിഗേഷൻ, ടൂറിസം വികസന കോർപ്പറേഷൻ, നിർമിതി കേന്ദ്രം എന്നിവയുടെ ഉദ്യോഗസ്ഥർ തിങ്കളാഴ്ച സ്ഥലം സന്ദർശിക്കുമെന്ന് വി.ജോയി എം.എൽ.എ. അറിയിച്ചു. 10 കോടിയുടെ വർക്കല ടൂറിസം വികസന പദ്ധതിയുടെ ഭാഗമായാണ് ജോലികൾ ആരംഭിച്ചത്.

Related Articles

Back to top button