KeralaLatestThrissur

വിശ്വാസികൾക്ക് സംഭാവന നൽകി പള്ളി മാതൃകയായി

“Manju”

തൃശൂർ• പെരുന്നാൾ കൊടിയേറ്റ ദിവസം പള്ളിക്കമ്മിറ്റിക്കാർ വീടുകളിലെത്തി പതിവുപോലെ, പ്രിന്റുചെയ്ത പെരുന്നാൾ സപ്ലിമെന്റ് നൽകി. ഒപ്പം ഒരു കവറും.! ഇത്തവണ ഒരു വ്യത്യാസം മാത്രം. കവർ ഒട്ടിച്ചതാണ്. തുറന്നു നോക്കിയപ്പോൾ ഉള്ളിൽ 501രൂപ! ഒപ്പം പള്ളിവികാരിയുടെ പേരുപോലും വയ്ക്കാത്തൊരു കത്തും. കോവിഡ് കാലമായതിനാൽ ആരെയും കാണാനോ ആഴത്തിൽ പരിചയപ്പെടാനോ കഴിയാത്തതിന്റെ സങ്കടം അതിലെ വരികളിലുണ്ട്. പ്രാർഥിക്കുന്നുണ്ടെന്ന ഓർമപ്പെടുത്തൽ, ആത്മവിശ്വാസം നൽകുന്ന സന്ദേശം…

അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. കോവിഡ് കാലമായതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ഇടവകയിൽ ധാരാളമുണ്ടാകും. അതിനാൽ പെരുന്നാൾ ആഘോഷിക്കാൻ പള്ളിയുടെ വക സമ്മാനമാണ് ഓരോ കുടുംബത്തിനും 501 രൂപ…! തൃശൂർ അതിരൂപതയിലെ കോലഴി സെന്റ് ബെനഡിക്ട് പള്ളി ഇടവകയിലാണ് ഈ വേറിട്ട തിരുനാൾ സന്ദേശം.

‘വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത്’ എന്ന പ്രമാണത്തിൽ വിശ്വസിക്കുന്നതിനാൽ ഇതേക്കുറിച്ചു കൂടുതൽ സംസാരിക്കാൻ വികാരിയച്ചനും തയാറല്ല; പള്ളിക്കമ്മിറ്റിക്കാരും. എന്തായാലും വിശ്വാസികളിൽ ചിലർ ഈ അനുഭവം ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു, ഈ നന്മയ്ക്ക് നാടെങ്ങും ലൈക്കും കമന്റും ഷെയറും. കോവിഡ് കാലത്ത് പല ഇടവകകളിലും ഇതുപോലെ പണവും ഭക്ഷ്യക്കിറ്റുകളും അടക്കമുള്ളവ വിതരണം ചെയ്തിരുന്നു.

Related Articles

Back to top button