ArticleKeralaLatest

മലയാള ചെറുകഥയുടെ കുലപതിക്ക് ഇന്ന് 91 ആം പിറന്നാൾ

“Manju”

തൊണ്ണൂറ്റൊന്നാം പിറന്നാളിലും കഥയുടെ തച്ചുശാസ്‌ത്രം തെല്ലും തെറ്റാതെ, അളവും കോണും കോലും കണക്കാക്കി, ഓരോ കല്ലും പതുക്കെപ്പതുക്കെ അടുക്കി വച്ച്‌ വൃത്തിയിലൊരു സൗധം പണിയുകയാണ് മലയാളത്തിന്റെ പ്രിയ കഥകാരൻ. വൃശ്ചികത്തിലെ ഭരണിനാളിൽ (നവംബർ 28) ടി പത്മനാഭൻ തൊണ്ണൂറ്റൊന്നിലേക്ക്‌ കടന്നു. മനുഷ്യബന്ധങ്ങളുടെ, കളങ്കമില്ലാത്ത സ്‌നേഹബന്ധങ്ങളുടെ ആർദ്രത തെളിമയോടെ സൂക്ഷിക്കുന്ന കഥാകാരന്റെ പിറന്നാൾ സമ്മാനമായി മൂന്നു പുസ്‌തകങ്ങളാണ്‌ പുറത്തിറങ്ങുന്നത്‌. പുതിയ ഏഴു കഥകളുടെ സമാഹാരം ‘സത്രം’, ആദ്യ കഥാസമാഹാരമായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യുടെ അറബി പരിഭാഷ ‘ഫതാതുൻ തൻശുറു ള്ളൗഅ’, സുയുക്ത ഇന്ത്യ പ്രസ്‌ പുറത്തിറക്കിയ മുപ്പത്‌ കഥകളുടെ ഇംഗ്ലീഷ്‌ പരിഭാഷ ‘ഷോർട്‌ സ്‌റ്റോറീസ്‌’. മലയാളത്തിൽ തനതായ കഥാലോകം സൃഷ്ടിച്ച പത്മനാഭൻ ജന്മദിനങ്ങൾ ആഘോഷിക്കാറില്ല.കരുണയും സ്നേഹവും ആർദ്രതയും വാക്കുകളിലൂടെ അനുഭവിപ്പിച്ച മലയാളത്തിന്റെ പ്രിയ കഥാകാരൻ അങ്ങനെയാണ്. ഷഷ്ടിപൂർത്തിയും സപ്തതിയും അശീതിയും നവതിയും ഒന്നും ആഘോഷമാക്കിയിട്ടില്ല. നന്നേ കുട്ടിയായിരുന്ന കാലത്ത്‌ അമ്മ നൽകിയിരുന്ന ഉണ്ണിയപ്പത്തിന്റെയും പായസത്തിന്റെയും രുചി മാത്രമാണ്‌ പത്മനാഭന്റെ ഓർമയിലെ പിറന്നാൾ മധുരം. പള്ളിക്കുന്നിലെ തിണയ്ക്കൽ ദേവകിയമ്മ എന്ന അമ്മുക്കുട്ടിയമ്മയുടെയും പുതിയടത്ത് കൃഷ്ണൻ നായരുടെയും നാലാമത്തെ മകനായി
1931ലെ വൃശ്ചികമാസത്തിൽ ഭരണി നക്ഷത്രത്തിൽ പിറന്ന പ്രകാശം പരത്തുന്ന കഥാകാരൻ എന്നും മലയാളത്തിന്റെ അഭിമാനമാണ്.

Related Articles

Back to top button