സിന്ധുമോൾ. ആർ
ജയ്പുര്‍: രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും ശിശു മരണം. മൂന്ന് കുട്ടികള്‍ കൂടി വെള്ളിയാഴ്ച മരിച്ചു. ഇതോടെ കോട്ടയിലെ ശിശു മരണം 12 ആയി. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇവിടെ മരിച്ചത് ഒന്‍പത് കുട്ടികളാണ്.
ജെ.കെ ലോണ്‍ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയില്‍ അഞ്ച് കുഞ്ഞുങ്ങളും വ്യാഴാഴ്ച നാല് കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഇവര്‍ക്കെല്ലാം 1-4 ദിവസം മാത്രം പ്രായമുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷവും നവജാതശിശുക്കള്‍ മരിച്ചത് വലിയ വാര്‍ത്തയാവുകയും അന്വേഷണം പ്രഖ്യാപിക്കപ്പെടുകയും ചെയ്തതാണ്. പെട്ടെന്നുണ്ടായ അണുബാധ മൂലമാകാം മരണങ്ങള് സംഭവിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാരയുടെ വിശദീകരണം. സംഭവത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.