KeralaLatest

പാലാ തൂത്തുവാരി ജോസ് കെ മാണി പക്ഷം ! പടവനും പാലൂപ്പടവനും തോറ്റു.

“Manju”

കോട്ടയം: 26 അംഗ പാലാ നഗരസഭയില്‍ 17 സീറ്റുകളുമായി കേരള കോണ്‍ഗ്രസ് – എം നേതൃത്വം നല്‍കിയ ഇടതുമുന്നണി വന്‍ വിജയം നേടി. യുഡിഎഫ് 8 സീറ്റുകളില്‍ ഒതുങ്ങി. ഒരു സ്വതന്ത്രനും വിജയിച്ചു.

ജോസഫ് വിഭാഗത്തിലെ പ്രമുഖനും യുഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുമായിരുന്ന കുര്യാക്കോസ് പടവനും ജോസ് കെ മാണി വിഭാഗത്തിലെ പ്രമുഖനും ഒരു ടേമില്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടേക്കാമായിരുന്ന ആളുമായ ബിജു പാലൂപ്പടവനും മുന്‍ നഗരസഭാധ്യക്ഷ മേരി ഡൊമിനിക്കും തോറ്റ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

അതേസമയം 3 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ 5 സീറ്റുകളുമായി നേട്ടമുണ്ടാക്കി. ജോസഫ് വിഭാഗത്തിന് 3 വാര്‍ഡുകളില്‍ മാത്രമാണ് വിജയം.

ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് – എമ്മിന് 17 –ല്‍ 10 സീറ്റുകള്‍ നേടാനായി. 5 സീറ്റുകള്‍ സിപിഎമ്മും 1 സീറ്റ് സിപിഐയും നേടി. ഒരു സീറ്റ് എന്‍സിപിക്കാണ്.

ഇതോടെ കേരള കോണ്‍ഗ്രസ് – എമ്മിലെ ആന്‍റോ പടിഞ്ഞാറേക്കര നഗരസഭാ ചെയര്‍മാനാകുമെന്ന് ഉറപ്പായി. കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തിന് വീതം വയ്പ്പ് ഉണ്ടാകും. സിപിഎമ്മിനും ഒരു ടേമില്‍ ചെയര്‍മാന്‍ പദവി നല്‍കേണ്ടിവരും.

കേരളം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ പാലായിലേത്. ഇടതുമുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് – എമ്മിന്‍റെ സ്വാധീനം മുന്നണി വിജയത്തെ എത്രകണ്ട് സ്വാധീനിക്കും എന്നതായിരുന്നു കേരളം ഉറ്റുനോക്കിയത്.

ആ പോരാട്ടത്തില്‍ ജോസ് കെ മാണി വിരുദ്ധരെല്ലാം ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും ജോസ് പക്ഷം വന്‍ വിജയമാണ് നേടിയിരിക്കുന്നത്. ജോസ് പക്ഷം വിട്ട് ജോസഫിലെത്തിയ കുര്യാക്കോസ് പടവന്‍ ഉള്‍പ്പെടെ പരാജയപ്പെട്ടത് ജോസഫിന് വന്‍ തിരിച്ചടിയായി.

Related Articles

Back to top button