IndiaKeralaLatest

ജോസ് കെ മാണിയെ പുറത്താക്കി ജോസഫിനെ ഒപ്പം കൂട്ടിയത് യുഡിഎഫിന് നഷ്ടകച്ചവടമായതായി വിലയിരുത്തല്‍.

“Manju”

കോട്ടയം: ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് – ജോസഫ് വിഭാഗത്തിന്‍റെ വിലപേശല്‍ ശേഷി ഇടിയുന്നു. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും  നഗരസഭകളിലും വാശിപിടിച്ച് സീറ്റ് പിടിച്ചുവാങ്ങി മത്സരിച്ച ജോസഫ് വിഭാഗത്തിന് പക്ഷേ കോണ്‍ഗ്രസിന്‍റെ ഔദാര്യത്തില്‍ നാമമാത്ര വിജയം മാത്രമാണ് ഉണ്ടായിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് അതിരമ്പുഴ, കിടങ്ങൂര്‍ ഡിവിഷനുകളിലാണ് ജോസഫ് ഗ്രൂപ്പ് പ്രതിനിധികള്‍ വിജയിച്ചിരിക്കുന്നത്. രണ്ട് ഡിവിഷനുകളിലും 20 പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത പാര്‍ട്ടിയാണ് ജോസഫ് വിഭാഗം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഔദാര്യത്തിലായിരുന്നു യുഡിഎഫ് ശക്തികേന്ദ്രങ്ങളായ രണ്ട് ഡിവിഷനുകളിലും ഇവര്‍ ജയിച്ചത്.

പാലാ നഗരസഭയില്‍ 13 വാര്‍ഡുകളില്‍ മൂന്നിടത്തു മാത്രമാണ് ജയം. മീനച്ചില്‍ പഞ്ചായത്തില്‍ നാലിടത്ത് മത്സരിച്ച് രണ്ടിടത്ത് വിജയിച്ചിട്ടുണ്ട്. കരൂര്‍, മുത്തോലി, കാഞ്ഞിരപ്പള്ളി, പാറത്തോട്, പൂഞ്ഞാര്‍ മേഖലകളിലൊക്കെ ജോസഫ് വിഭാഗം അടപടലം പരാജയപ്പെടുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് വിജയം.

ജില്ലയില്‍ ജോസഫ് വിഭാഗത്തിന്‍റെ ഏക നിയോജകമണ്ഡലമായ കടുത്തുരുത്തിയില്‍പോലും 2 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ജോസ് കെ മാണി വിഭാഗം തൂത്തുവാരി. കുറവിലങ്ങാട് ജോസ് പക്ഷം സ്ഥാനാര്‍ഥി നിര്‍മ്മലാ ജിമ്മിയുടെ വിജയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ്. കടുത്തുരുത്തിയില്‍ ജോസഫ് പുത്തന്‍കാലയും വന്‍ വിജയം നേടി.

യുഡിഎഫ് കുത്തകയായിരുന്ന ചങ്ങനാശ്ശേരിയില്‍പോലും നഗരഭരണം നഷ്ടമായി. ചങ്ങനാശ്ശേരിയില്‍ 4 സീറ്റുകളില്‍ മാത്രമാണ് ജോസഫ് വിഭാഗം വിജയിച്ചത്. ഭരണവും നഷ്ടമായി. കോട്ടയം നഗരസഭയില്‍പോലും ഇടതുമുന്നണി വിജയിച്ചു.

ഈ സാഹചര്യത്തില്‍ ജോസ് കെ മാണിയെ പുറത്താക്കി പിജെ ജോസഫിനെ ഒപ്പം നിര്‍ത്തിയതുകൊണ്ട് ആളും അണികളും ഇല്ലാത്ത ജോസഫ് വിഭാഗത്തിന് ഗുണം  ചെയ്തില്ലെങ്കിലും കോണ്‍ഗ്രസിനും യുഡിഎഫിനും വന്‍ വില കൊടുക്കേണ്ടിവന്നുവെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്.

അതിനാല്‍തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന്‍റെ അവകാശവാദങ്ങള്‍ക്ക് വില കല്‍പിക്കേണ്ടതില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം എത്തിയിരിക്കുന്നത്.

Related Articles

Back to top button